Site icon Fourteen Kerala – 14 Kerala News

‘അഞ്ചിലേറെ തവണ മുഖത്തടിച്ചു, ലീഗ് നേതൃത്വവുമായി പ്രതിക്ക് ബന്ധം’, പൊലീസ് കർശനനടപടിയെടുത്തില്ലെന്നും പെൺകുട്ടി

മലപ്പുറം: പാണമ്പ്രയിൽ അമിതവേഗതയിലുള്ള ഡ്രൈവിംഗ് ചോദ്യം ചെയ്ത പെൺകുട്ടിയെ യുവാവ് മർദ്ദിച്ച സംഭവത്തിൽ പൊലീസിനെതിരെ പെൺകുട്ടികൾ. മുസ്ലിം ലീഗ് നേതൃത്വവുമായി പ്രതി ഇബ്രാഹിം ഷബീറിന് ബന്ധമുള്ളതിനാൽ പൊലീസ് കർശന നടപടി സ്വീകരിച്ചില്ലെന്ന് പരാതിക്കാരിയായ പെൺകുട്ടി അസ്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതി പിൻവലിപ്പിക്കാൻ പല രീതിയിലുള്ള സമ്മർദ്ദമുണ്ടായി. താൻ പറഞ്ഞത് പൂർണമായും മൊഴിയായി രേഖപ്പെടുത്താൻ പോലും പൊലീസ് തയ്യാറായില്ലെന്നും പെൺകുട്ടി ആരോപിച്ചു. 

അപകടകരമായ രീതിയിൽ ഡ്രൈവിംഗ് ചെയ്തത് ചോദ്യം ചെയ്തതിനാണ് പ്രതി നടുറോഡിൽ വെച്ച് പെൺകുട്ടിയെ മർദ്ദിച്ചത്. അഞ്ചോ ആറോ തവണ പെൺകുട്ടിയുടെ മുഖത്തടിച്ചു. നടുറോഡിൽ വെച്ച് പെൺകുട്ടിയെ മർദ്ദിക്കുന്നത് കണ്ട് എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ പ്രതി അവിടെനിന്നും വേഗത്തിൽ കടന്നു കളയുകയായിരുന്നു. തനിക്കൊപ്പമുണ്ടായിരുന്ന സഹോദരിയെടുത്ത ഫോട്ടോ കാണിച്ച് ഉടൻ പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. 

അമിതവേഗത്തിൽ കാറോടിച്ചെത്തിയ ഇബ്രാഹിം ഷബീർ പെൺകുട്ടികളോടിച്ച വാഹനം അപകടത്തിൽപ്പെടുന്ന രീതിയിൽ തെറ്റായ വശത്ത് കൂടി ഓവർടേക്ക് ചെയ്തു. ഇതോടെ പെൺകുട്ടികളുടെ വാഹനം മറിയാനായിപോയി. ഞങ്ങളുടെ വാഹനം അപകടത്തിൽപ്പെടുന്ന നിലയിലേക്ക് എത്തിയ സാഹചര്യത്തിലാണ് പ്രതികരിച്ചതെന്നും അസ്ന പറഞ്ഞു. ലീഗിന്റെ സ്വാധീനമുള്ളയാളാണ് ഇബ്രാഹിം ഷെബീറെന്ന് പിന്നീടാണ് അറിഞ്ഞത്. പൊലീസിന്റെ ഭാഗത്ത് നിന്നും നാട്ടുകാരുടെ ഭാഗത്ത് നിന്നും പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമമുണ്ടായെന്നും പെൺകുട്ടി പറഞ്ഞു. വീട്ടിലെത്തിയ ശേഷമാണ് ഇയാൾ ലീഗ് ബന്ധമുള്ളയാളാണെന്ന് മനസിലായത്. നാട്ടുകാരാണ് ഒത്തുതീർപ്പിന് ആദ്യം ശ്രമിച്ചത്. എന്നാൽ പരാതിയുമായി മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു. 

Exit mobile version