Site icon Fourteen Kerala – 14 Kerala News

പാലക്കാട് ഇരട്ടക്കൊലപാതകം: സമാധാനയോഗം ബിജെപി ബഹിഷ്കരിച്ചു

പാലക്കാട്: ഇരട്ടക്കൊലപാതകമുണ്ടായ പാലക്കാട്ട് ചേർന്ന സർവ്വകക്ഷി യോഗം ബിജെപി ബഹിഷ്കരിച്ചു. യോഗം പ്രഹസനമെന്ന് ആരോപിച്ചാണ് ബിജെപി യോഗം ബഹിഷ്കരിച്ചത്. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് പാലക്കാട് കളക്ട്രേറ്റില്‍ വച്ച് സര്‍വ്വകക്ഷിയോഗം വിളിച്ചത്. മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. 

അതേസമയം, പാലക്കാട് ഇരട്ടക്കൊലകളിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു. ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍റെ കൊലപാതകത്തിന് അക്രമി സംഘം ഉപയോഗിച്ച ബൈക്കുകളിലൊന്ന് എത്തിച്ചത് അബ്ദുറഹ്മാന്‍ എന്ന ശംഖുവാരത്തോട്  സ്വദേശിയെന്ന് പൊലീസിന് വിവരം ലഭിച്ചു. ചിറ്റൂര്‍ സ്വദേശി അനിതയുടെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക്. അനിതയുടെ ഭര്‍ത്താവ് പണയം വച്ച ബൈക്ക് പല കൈമറിഞ്ഞാണ് കൊലയാളി സംഘത്തിന്‍റെ പക്കലെത്തിയത്.

ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ ആറംഗ അക്രമി സംഘമെത്തിയത് മൂന്നു ബൈക്കുകളിലായിരുന്നു. ഇതിലൊന്ന് കുന്നും പുറത്തെ പലചരക്ക് വ്യാപാരി ഷംഷുദ്ദീന്‍റെ പക്കലുണ്ടായിരുന്നതാണ്. ശനിയാഴ്ച രാവിലെ പത്തുമണിയോടെ ശംഖുവാരത്തോട് സ്വദേശി അബ്ദുറഹ്മാനാണ് ബൈക്ക് വാങ്ങിക്കൊണ്ടുപോയതെന്ന് ഷംഷുദ്ദീന്‍  പൊലീസിന് മൊഴി നല്‍കി.

KL9 45 5724 നമ്പരിലുള്ള ബൈക്കിന്‍റെ  യഥാര്‍ഥ ഉടമ ചിറ്റൂര്‍ സ്വദേശി അനിതയാണ്. രണ്ടുകൊല്ലം മുമ്പ് ഏഴായിരം രൂപയ്ക്ക് ബൈക്ക് പണയം വച്ചെന്നാണ് അനിത പറയുന്നത്. പാലക്കാട് സ്വദേശി റഷീദിനാണ് വണ്ടി നല്‍കിയത്. റഷീദത് ഒലവക്കോട് സ്വദേശിക്ക് മറിച്ചു നല്‍കി. ഇതാണ് ഒടുവില്‍ കുന്നംപുറത്തെ പലചരക്ക് വ്യാപാരിയുടെ കൈയ്യിലെത്തിയത്. അബ്ദുറഹ്മാനെയും ബൈക്കും കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമെന്ന് അന്വേഷണ സംഘം അറിയിച്ചു.

Exit mobile version