Site icon Fourteen Kerala – 14 Kerala News

കൊവീഷിൽഡ്, കൊവാക്സീൻ വാക്സീനുകളുടെ വില കുത്തനെ കുറച്ചു

ദില്ലി: 18 വയസ്സ് പിന്നിട്ട് എല്ലാ ഇന്ത്യൻ പൗരൻമാർക്കും കൊവിഡ് ബൂസ്റ്റ‍ർ ഷോട്ടുകൾ നൽകാനുള്ള കേന്ദ്രസ‍ർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ വാക്സീനുകളുടെ വില കുത്തനെ കുറച്ച് ഭാരത് ബയോടെക്കും പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടും. സ്വകാര്യ ആശുപത്രികൾക്ക് നൽകുന്ന കൊവിഡ് വാക്സീൻ ഡോസുകളുടെ വിലയാണ് ഇരുകമ്പനികളും വെട്ടിക്കുറിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് വാക്സീൻ്റെ വില കുറയ്ക്കാനുള്ള ഇരുകമ്പനികളുടേയും തീരുമാനം. 

ഇനിമുതൽ ഇരു കമ്പനികളും സ്വകാര്യ ആശുപത്രികൾക്ക് 225 രൂപ നിരക്കിലാവും വാക്സീൻ നൽകുക. നേരത്തെ കൊവീഷിൽഡ് 600 രൂപയ്ക്കും കൊവാക്സീൻ 1200 രൂപയ്ക്കുമാണ് സ്വകാര്യ ആശുപത്രികൾക്ക് വിതരണം ചെയ്തിരുന്നത്. വാക്സീൻ്റെ വിലയും ആശുപത്രികളുടെ സർവ്വീസ് ചാർജും നികുതിയും കഴിച്ച് അഞ്ഞൂറ് രൂപയ്ക്ക് താഴെ നിരക്കിൽ ഇനി വാക്സീൻ വിതരണം സാധ്യമായേക്കും വിപുലമായ രീതിയിൽ സ്വകാര്യ ആശുപത്രികൾ വാക്സീനേഷൻ തുടങ്ങുന്നതും വാക്സീനേഷൻ നിരക്ക് കുറയ്ക്കാൻ സഹായിക്കും. 

“കേന്ദ്ര സർക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷം, സ്വകാര്യ ആശുപത്രികൾക്കുള്ള കൊവീഷിൽഡ് വാക്‌സിന്റെ വില ഒരു ഡോസിന് 600 രൂപയിൽ നിന്ന് ₹ 225 ആയി കുറയ്ക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തീരുമാനിച്ചെന്ന വിവരം നിങ്ങളുമായി പങ്കുവയ്ക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. മുൻകരുതൽ ഡോസുകൾ എല്ലാവ‍ർക്കും ലഭ്യമാക്കാനുള്ള കേന്ദ്രത്തിന്റെ ഈ തീരുമാനത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു – സെറം ഇൻസ്റ്റിറ്റ്യൂട്ട മേധാവി അദാർ പൂനെവാല ട്വിറ്ററിൽ കുറിച്ചു.
 
എല്ലാ മുതിർന്നവർക്കും മുൻകരുതൽ ഡോസ് ലഭ്യമാക്കാനുള്ള സർക്കാർ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. കേന്ദ്ര ഗവൺമെന്റുമായി കൂടിയാലോചിച്ച്,  സ്വകാര്യ ആശുപത്രികൾക്ക് #COVAXIN ന്റെ വില ഒരു ഡോസിന് 1200 രൂപയിൽ നിന്ന് ₹ 225 ആയി പരിഷ്കരിക്കാൻ ഞങ്ങൾ തീരുമാനിച്ചു,” ഭാരത് ബയോടെക്ക് സിഇഒ സുചിത്ര എല്ല  ട്വീറ്റ് ചെയ്തു.

18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഷോട്ടുകൾ തുറക്കാനുള്ള കേന്ദ്രത്തിന്റെ പ്രഖ്യാപനത്തെ പൂനാവാല ഇന്നലെ സ്വാഗതം ചെയ്തിരുന്നു. ഇത് നിർണായകവും സമയോചിതവുമായ തീരുമാനമാണെന്ന് പറഞ്ഞ അദ്ദേഹം, ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് നിരവധി രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മൂന്നാം ഡോസ് ഇല്ലാത്തത് വലിയ ബുദ്ധിമുട്ടാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. 

Exit mobile version