Site icon Fourteen Kerala – 14 Kerala News

പാലക്കാട്ടെ യുവമോർച്ച നേതാവിന്റെ കൊലപാതകം: ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി

പാലക്കാട്: പാലക്കാട് തരൂരിലെ യുവമോർച്ച നേതാവ് അരുൺ കുമാറിന്റെ കൊലപാതക കേസിൽ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി. പഴമ്പാലക്കോട് സ്വദേശി മിഥുനാണ് ആലത്തൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്നു ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായ മിഥുൻ. മിഥുന്റെ സഹോദരൻ അടക്കം ആറ് പേർ നേരത്തെ കീഴടങ്ങിയിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 7 ആയി. മാർച്ച് രണ്ടിന് ക്ഷേത്രാത്സവത്തെത്തുടർന്നുണ്ടായ സംഘർഷത്തിലാണ് യുവമോർച്ച നേതാവ് അരുൺ കുമാറിന് പരിക്കേറ്റത്. ചികിത്സയിലിരിക്കെ  11 നാണ് മരണം സംഭവിച്ചത്.

എട്ട് ദിവസത്തോളം ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്. അരുൺ കുമാറിൻ്റെ മരണത്തിനിടയാക്കിയത് പേനാക്കത്തിപോലെ മൂർച്ചയേറിയ ആയുധം കൊണ്ടുള്ള കുത്താണെന്നാണ് പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തൽ. ഹൃദയത്തിനാണ് കുത്തേറ്റത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സെപ്പെട്ടെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.

പഴമ്പലക്കാട്ടെ  സമുദായ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഈ മാസം രണ്ടിനാണ് യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍ കുമാറിന് കുത്തേറ്റത്. അയല്‍വാസികളും ബന്ധുക്കളുമായ കൃഷ്ണദാസ്, ജയേഷ്, സന്തോഷ്, മണികണ്ഠന്, രമേശ്, മിഥുന്‍, നിഥിന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. നെഞ്ചിന് കുത്തേറ്റ അരുണ്‍ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

കൊലപാതകത്തിന് പിന്നില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്ർത്തകരെന്ന് ബിജെപി ആരോപിച്ചിരുന്നു. കൊലപാതകത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ആരോപിച്ച ബിജെപി ആലത്തൂർ താലൂക്കിൽ ഹർത്താൽ ആചരിച്ചിരുന്നു. അതേസമയം, ബിജെപി ആരോപണം സിപിഎം നിഷേധിച്ചു. ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തെ രാഷ്ട്രീയവത്കരിക്കുന്ന ബിജെപി നിലപാട് അപലപനീയമെന്ന്  ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു പറഞ്ഞു. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് വിശദീകരണം.

Exit mobile version