Site icon Fourteen Kerala – 14 Kerala News

‘5 കോടിയിലധികം തട്ടിയെടുത്തു’; കെന്‍സ പദ്ധതിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി പ്രവാസി ഡോക്ടര്‍മാര്‍

വയനാട്: കെന്‍സ പദ്ധതിക്കെതിരെ പ്രവാസി ഡോക്ടര്‍മാര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. പ്രവാസികളായ മൂന്ന് ഡോക്ടര്‍മാരാണ് കെന്‍സ ചെയര്‍മാനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. റിസോർട്ട് പദ്ധതിയുടെ പേരിൽ അഞ്ച് കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. കെന്‍സ ഹോള്‍ഡിംഗ്‌സിന്റെ വയനാട്ടിലെ റിസോര്‍ട്ട് പദ്ധതിക്കെതിരെ നേരത്തെ തന്നെ നിരവധി നിക്ഷേപകര്‍ നിയമ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കൂടുതൽ പരാതികൾ ഉയരുന്നത്. പ്രവാസികളായ മൂന്ന് ഡോക്ടര്‍മാരാണ് കെന്‍സ ചെയര്‍മാൻ മുഹമ്മദ് ഷിഹാബിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചതിനും പദ്ധതിയുടെ പേരിൽ ക്രിമിനില്‍ ഗൂഢാലോചന നടത്തിയതിനും കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

നിലവില്‍ എട്ടു നിക്ഷേപകരുടെ കേസാണ് സുല്‍ത്താൻ ബത്തേരി കോടതിയുടെ പരിഗണനയിലുള്ളത്. പുതിയ മൂന്ന് കേസുകൾ കൂടി ഉടൻ ഫയൽ ചെയ്യുമെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ അറിയിച്ചു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഗുജറാത്തിൽ നിന്നുള്ള അഭിഭാഷകയുടെ പരാതിയില്‍ കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി കെന്‍സയ്‌ക്കെതിരെ റവന്യു റിക്കവറി നടപടികള്‍ക്ക് ഉത്തരവിട്ടിട്ടുണ്ട്. നിക്ഷേപകരുടെ പേരിൽ വ്യാജരേഖ ചമച്ചതിന് പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിൽ നാല് കേസുകളുണ്ട്. വയനാട് തരിയോടിലെ കെട്ടിട നിര്‍മ്മാണത്തിലെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടും കെന്‍സയ്‌ക്കെതിരെ നടപടികള്‍ തുടരുകയാണ്. എന്നാൽ പരാതികളെല്ലാം കെട്ടിച്ചമച്ചതാണെന്നും കോടതിയിൽ സത്യം തെളിയുമെന്നും കെൻസ ഗ്രൂപ്പ് വ്യക്തമാക്കി.

Exit mobile version