Site icon Fourteen Kerala – 14 Kerala News

കണ്ണൂരിൽ വിവാഹ പാർട്ടിക്ക് നേരെ ബോംബേറ്: ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണു(26)വാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ ഹേമന്ത്, അരവിന്ദ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. 

തോട്ടടയിലെ കല്ല്യാണവീടിന്റെ സമീപത്താണ് സംഭവമുണ്ടായത്. കല്ല്യാണവീട്ടില്‍ കഴിഞ്ഞദിവസം രാത്രി നടന്ന സംഗീതപരിപാടിക്കിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇത് പിന്നീട് നാട്ടുകാര്‍ ഇടപെട്ട് പരിഹരിച്ചു. ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തില്‍വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹപാര്‍ട്ടി വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. 

സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജിഷ്ണുവിന്റെ തലയോട്ടി ചിതറിയനിലയിലാണ്. സംഭവസ്ഥലത്തുനിന്ന് പൊട്ടാത്ത മറ്റൊരു ബോംബ് കൂടി കണ്ടെടുത്തിട്ടുണ്ട്. ബോംബുമായി അക്രമിക്കാന്‍ വന്ന സംഘത്തില്‍പ്പെട്ട യുവാവ് തന്നെയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമികവിവരം. ശനിയാഴ്ച രാത്രിയുണ്ടായ തര്‍ക്കത്തിന് പ്രതികാരമായാണ് സംഘം ബോംബുമായി വന്നതെന്നാണ് നിഗമനം. എന്നാല്‍ ഇതുസംബന്ധിച്ച സ്ഥിരീകരണമുണ്ടായിട്ടില്ല. 

ഏച്ചൂര്‍ ബാലക്കണ്ടി വീട്ടില്‍ പരേതനായ മോഹനന്‍-ശ്യാമള ദമ്പതിമാരുടെ മകനാണ് കൊല്ലപ്പെട്ട ജിഷ്ണു. കെട്ടിടനിര്‍മാണ തൊഴിലാളിയാണ്. സഹോദരന്‍: മെഹുല്‍.

Exit mobile version