Site icon Fourteen Kerala – 14 Kerala News

മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ചു

പാലക്കാട്: മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ചതായി ദൗത്യസംഘം അറിയിച്ചു. സൈന്യമാണ് വെള്ളവും ഭക്ഷണവും നല്‍കിയത്. ബാല എന്ന സൈനിക ഉദ്യോഗസ്ഥനാണ് കയറിലൂടെ തൂങ്ങിയിറങ്ങി വെള്ളമെത്തിച്ചത്. നിര്‍ണായകമായ ലക്ഷ്യമാണ് ദൗത്യസംഘം പൂര്‍ത്തിയാക്കിയത്. ബാബുവിനെ രക്ഷിക്കാനുള്ള ശ്രമവും തുടങ്ങി. സിവില്‍ ഡിഫന്‍സിലെ കണ്ണന്‍ എന്ന ജീവനക്കാരനാണ് ഇക്കാര്യം ഫോണില്‍ അറിയിച്ചത്. കയര്‍ ഉപയോഗിച്ച് ബാബുവിനെ മുകളിലേക്ക് കയറ്റാന്‍ ശ്രമിക്കുകയാണ്. രണ്ട് കുപ്പി വെള്ളമാണ് നല്‍കിയത്. 45 മണിക്കൂറിനൊടുവിലാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. ഇതോടെ ദൗത്യസംഘത്തിന് പ്രതീക്ഷയേറി. ബാബു ഏറെ നേരെ വെള്ളം ചോദിച്ചിരുന്നു.

വെള്ളം നല്‍കുന്നതിനായി വലിയ ഡ്രോണ്‍ കോയമ്പത്തൂരില്‍ നിന്ന് എത്തിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പേ അദ്ദേഹത്തിന് സൈന്യം വെള്ളവും ഭക്ഷണവും നല്‍കി. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറും സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തും. ഇന്നലെ വെള്ളവും ഭക്ഷണവും എത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 20 അംഗ എന്‍ഡിആര്‍എഫ് ടീം, രണ്ട്് യൂണിറ്റ് കരസേന, ഫയര്‍ഫോഴ്‌സ് എന്നിവരാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ബേസ് ക്യാമ്പ് തുറന്നു. മെഡിക്കല്‍ ടീമും സജ്ജമാണ്. 

ബാബു വെള്ളം ചോദിക്കുന്നുണ്ട്. ബാബുവിന്റെ ആരോഗ്യത്തിന് കാര്യമായ പ്രശ്‌നങ്ങളില്ലെങ്കില്‍ ബാബുവിനെ വൈകാതെ രക്ഷിക്കാനാകുമെന്നാണ് കരസേനയുടെ വിലയിരുത്തല്‍. കേരളത്തില്‍ ഒരാള്‍ക്കായി നടക്കുന്ന ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് മലമ്പുഴയില്‍ . ബാബുവിനെ ഇന്ന് പകല്‍ തന്നെ രക്ഷിക്കുമെന്ന് കരസേന അറിയിച്ചു. രണ്ട് ദൗത്യസംഘങ്ങളാണ് ബാബുവിനടുത്തേക്ക് എത്താന്‍ ശ്രമിക്കുന്നത്. താഴെ നിന്നും മുകളില്‍ നിന്നും രക്ഷാദൗത്യ സംഘങ്ങള്‍ എത്താന്‍ ശ്രമിക്കുന്നു. ആദ്യം എത്തുന്നവരാണ് ബാബുവിനെ താഴെയെത്തിക്കാനുള്ള ശ്രമത്തിന് തുടക്കമിടുക. കയര്‍ ഉപയോഗിച്ച് ബാബുവിനെ താഴെയിറക്കാനുള്ള ശ്രമത്തിനാണ് മുന്‍ഗണന നല്‍കുന്നത്. 

മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിയത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ച സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങി. കാലിന് ചെറിയ പരിക്കേറ്റു. തിരിച്ചെത്തിയ കൂട്ടുകാരാണ് ബാബു കുടുങ്ങിയ കാര്യം അറിയിക്കുന്നത്. കൈയില്‍ ഫോണുണ്ടായത് ബാബുവിന് തുണയായി. കൂട്ടുകാര്‍ക്കും പൊലീസിനും ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് അയച്ചു നല്‍കി സഹായമഭ്യര്‍ഥിച്ചു. രാത്രി ഫ്‌ലാഷ് ലൈറ്റ് തെളിച്ച് രക്ഷാപ്രവര്‍ത്തകരെ അറിയിച്ചു. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലും ബാബുവിനെ സ്‌പോട്ട് ചെയ്യാന്‍ സാധിച്ചു. സിവില്‍ ഡിഫന്‍സിലെ കണ്ണന്‍ എന്ന ജീവനക്കാരനാണ് ഇക്കാര്യം ഫോണില്‍ അറിയിച്ചത്.

Exit mobile version