Site icon Fourteen Kerala – 14 Kerala News

കാർത്തിക കഴിഞ്ഞ് നാലാം നാൾ; മധുര തിരുപ്പറങ്കുൻറത്തെ ദീപത്തൂണിൽ ദീപം തെളിച്ചു

മധുര: തിരുപ്പറങ്കുൻറത്തെ മലമുകളിലെ ‘ദീപത്തൂണില്‍’ ദീപം തെളിച്ചു.സുപ്രീം കോടതി ഉത്തരവ് നടപ്പാക്കി. 50 ഓളം പേര് മലമുകളിൽ കയറി. റിസീവർമാരും ജില്ലാ കളക്ടറും ദീപം തെളിയിക്കലിന് സാക്ഷിയായി. ക്ഷേത്ര സുരക്ഷ സിആർപിഎഫിനാണ്. കാർത്തിക കഴിഞ്ഞ് നാലാം ദിവസമാണ് ദീപം തെളിയിച്ചത്. എല്ലാ ഭക്തര്‍ക്കും ചടങ്ങില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.

തൃക്കാര്‍ത്തിക നാളായ നവംബര്‍ 24-ന് ദീപത്തൂണില്‍ വിളക്ക് തെളിയിക്കണമെന്ന ഉത്തരവ് പാലിക്കാത്തതിനെത്തുടര്‍ന്ന്, തിരുപ്പറങ്കുന്‍ട്രം അരുള്‍മിഗു സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിനെ സുപ്രീംകോടതി സസ്പെന്‍ഡ് ചെയ്തു. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.ക്ഷേത്രഭരണം വിരമിച്ച ജഡ്ജിമാരായ എസ്. വൈദ്യനാഥന്‍, വി. പാര്‍ത്ഥിബന്‍ എന്നിവരടങ്ങുന്ന രണ്ടംഗ സമിതിയെ കോടതി ഏല്‍പ്പിച്ചിരിക്കുകയാണ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ക്ഷേത്ര ബോര്‍ഡംഗങ്ങള്‍ നടത്തിയ നീക്കങ്ങളിലൂടെയാണ് മലമുകളിലെ ദീപത്തൂണില്‍ വിളക്ക് തെളിയിക്കാതിരുന്നതെന്ന് കോടതി വിലയിരുത്തി.നവംബര്‍ 24-ന് ചടങ്ങിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ഉച്ചിപ്പിള്ളയാര്‍ മണ്ഡപത്തില്‍ മാത്രമേ വിളക്ക് തെളിയിക്കൂ എന്ന് ക്ഷേത്ര ബോര്‍ഡ് പ്രമേയം പാസാക്കിയതിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു.

മദ്രാസ് ഹൈക്കോടതിയില്‍ നേരത്തെ നല്‍കിയ ഉറപ്പിനോടുള്ള അവഗണനയാണിതെന്ന് നിരീക്ഷിച്ച ബെഞ്ച്, ഉത്തരവാദിത്തം ക്ഷേത്ര ട്രസ്റ്റിലേക്ക് മാറ്റാന്‍ ശ്രമിച്ച കളക്ടറുടെ റിപ്പോര്‍ട്ടിലും അതൃപ്തി രേഖപ്പെടുത്തി.തിരുപ്പറങ്കുന്‍ട്രം മലമുകളിലെ സിക്കന്ദര്‍ ബാദുഷ ദര്‍ഗ്ഗയ്ക്ക് സമീപമാണ് ദീപത്തൂണ്‍ സ്ഥിതി ചെയ്യുന്നത്; ഇവിടെ വിളക്ക് തെളിയിക്കുന്നത് ഉടമസ്ഥാവകാശവും പരമ്പരാഗത അവകാശങ്ങളുമായി ബന്ധപ്പെട്ട വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ കര്‍ശന ഉപാധികളോടെ ഒറ്റത്തവണ മാത്രം വിളക്ക് തെളിയിക്കാനാണ് അനുമതി നല്‍കിയതെന്നും ഇത് നിയമപരമായ കീഴ്വഴക്കമാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version