Site icon Fourteen Kerala – 14 Kerala News

ഫോൺ എൻഗേജ്ഡ് ആയതിനെ ചൊല്ലി തർക്കം; മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കൊലപാതകം, പിന്നിൽ ആൺസുഹൃത്തിന്റെ സംശയമെന്ന് പോലീസ്

ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി ഗംഗയെ കൊന്നത് ആൺസുഹൃത്ത് ഗോകുൽ കൃഷ്ണയുടെ സംശയത്തെ തുടർന്നാണെന്ന് പൊലീസ്. കൊല്ലപ്പെട്ട ഗംഗ തന്നെ ഒഴിവാക്കുകയാണോ എന്ന് ഗോകുൽ സംശയിച്ചതായും, ഫോൺ വിളിക്കുമ്പോൾ പലപ്പോഴും എൻഗേജ്ഡ് ആയിരുന്നത് സംശയം കൂട്ടിയതായും പൊലീസ് പറയുന്നു.

വ്യാഴാഴ്ച ഇരുവരും ഒരുമിച്ചിരിക്കുമ്പോഴും ഗംഗയുടെ ഫോണിലേക്ക് കോൾ വന്നത് ചൊല്ലി രാത്രി വഴക്കുണ്ടായി. അടുത്ത ദിവസവും തർക്കം തുടർന്ന ശേഷമാണ് കൊലപാതകമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. കൊലയ്ക്ക് ശേഷം കത്തിയുമായി രക്ഷപ്പെടാൻ ഗോകുൽ കൃഷ്ണ ശ്രമിച്ചെങ്കിലും ഹോട്ടൽ ജീവനക്കാർ സംശയം തോന്നി തടഞ്ഞുവെക്കുകയായിരുന്നു.
ഇന്നലെ ബെംഗളൂരുവിലെ കോട്ടൺപേട്ട് ഒ.ടി.സി റോഡിലുള്ള റീജൻസി ഇൻ ലോഡ്ജിലായിരുന്നു സംഭവം. പത്തനംതിട്ട അടൂർ സ്വദേശിനിയായ 22കാരി ഗംഗയാണ് കൊല്ലപ്പെട്ടത്. തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപമുള്ള ലോഡ്ജിൽ എത്തിയ ഇരുവരും രാവിലെ തർക്കത്തിലേർപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്.

പിന്നീട് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ഗോകുൽ ഗംഗയുടെ വയറിന് കുത്തിയതായും പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ ഗംഗയെ വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നഴ്സിംഗ് പഠനം പൂർത്തിയാക്കി ജോലി അന്വേഷിച്ചുവരികയായിരുന്നു ഗംഗ.
ബെംഗളൂരു നെലമംഗലയിലെ ഹർഷ നഴ്സിംഗ് കോളേജിൽ പഠിക്കുന്ന കാലത്താണ് ഗംഗയും കൊല്ലം സ്വദേശിയായ ഗോകുൽ കൃഷ്ണയും അടുപ്പത്തിലായത്. ഗംഗ ഗോകുൽ കൃഷ്ണയുടെ ജൂനിയറായിരുന്നു. നഴ്സിംഗ് പ്രവേശനം ലഭ്യമാക്കാനും പഠനം പൂർത്തിയാക്കിയവർക്ക് ജോലി ലഭ്യമാക്കാനും ആവശ്യമായ ഇടപെടലുകൾ നടത്തുന്നയാളായിരുന്നു ഗോകുൽ എന്നാണ് വിവരം.

ലോഡ്ജിന് സമീപം റോഡരികിൽ വച്ച് കഴിഞ്ഞ ദിവസവും ഇരുവരും വാക്കേറ്റത്തിൽ ഏർപ്പെട്ടതായി പ്രദേശവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ലോഡ്ജിലേക്ക് വരുമ്പോൾ തന്നെ ഗോകുൽ കൃഷ്ണ കത്തി കൈവശം കരുതിയിരുന്നോ എന്നും പൊലീസ് സംശയിക്കുന്നു. ഇക്കാര്യം വിശദമായ അന്വേഷണത്തിലൂടെ വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു.

Exit mobile version