എടവണ്ണ: ചാലിയാറിൽ സീതിഹാജി പാലത്തിന് സമീപം സ്വർണം അരിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. വഴിക്കടവ് കുന്നുമ്മൽ പൊട്ടി വരിയത്തൊടിക വീട്ടിൽ വി.എം. അജ്മൽ (26) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 5.30-ഓടെയായിരുന്നു അപകടം.
കഴിഞ്ഞ രണ്ട് മാസമായി എടവണ്ണയിൽ ജെ.സി.ബി ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്ന അജ്മൽ, എടവണ്ണ റേഷൻ കടയുടെ മുകൾഭാഗത്താണ് താമസിച്ചിരുന്നത്. സുഹൃത്തിനൊപ്പം സീതിഹാജി പാലത്തിന് സമീപത്തെ കടവിൽ സ്വർണം അരിക്കാൻ ഇറങ്ങിയതായിരുന്നു ഇദ്ദേഹം. ഇതിനിടെ പുഴയ്ക്ക് കുറുകെ നീന്താൻ ശ്രമിക്കവെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു.
നിലമ്പൂർ, തിരുവാലി, മുക്കം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ യൂണിറ്റുകളും മലപ്പുറത്തുനിന്നുള്ള സ്കൂബ ടീമും സന്നദ്ധപ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. എടവണ്ണ പോലീസ്, വില്ലേജ് ഓഫീസർ, ഏറനാട് ഡെപ്യൂട്ടി തഹസിൽദാർ, എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തിരച്ചിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നബീലിന്റെയും (ബായി) ജമീലയുടെയും മകനാണ്. ഭാര്യ: ഫർഹാന. മകൾ: ദുആ മെഹറിൻ. സഹോദരിമാർ: അജ്ന, സജ്ന.
