ഗാസിയാബാദ്: ആറ് കോടിയുടെ ട്രാവൽ ഏജൻസിയും രണ്ട് കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസിയും തട്ടിയെടുക്കുന്നതിനായി ഭർത്താവിനും മകനും ഭക്ഷണത്തിൽ വിഷവസ്തു കലർത്തി നൽകിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പന്ത്രണ്ട് മാസമായി ഇരുവർക്കും നൽകുന്ന ഭക്ഷണത്തിൽ യുവതി ലെഡ് ചേർത്തിരുന്നതായാണ് കണ്ടെത്തൽ.
ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. തുടർച്ചയായി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെത്തുടർന്ന് ഭർത്താവ് ചികിത്സ തേടുകയും പരിശോധനയിൽ ശരീരത്തിൽ ചെറിയ അളവിൽ ലെഡ് വിഷബാധയേറ്റതായി തെളിയുകയുമായിരുന്നു. ഭർത്താവ് സുശീൽ കുമാർ ഭട്നാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാര്യ രേണുവിനെ നവംബർ 23-ന് പൊലീസ് അറസ്റ്റ് ചെയ്തു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലും അന്വേഷണത്തിലും ഭർത്താവിനും മകനും പുറമെ അനന്തരവനെയും അപായപ്പെടുത്താൻ രേണു പദ്ധതിയിട്ടിരുന്നതായി വ്യക്തമായി. സ്വത്തും ഇൻഷുറൻസ് തുകയും കൈക്കലാക്കാനാണ് ഭക്ഷണത്തിൽ വിഷം കലർത്തിയതെന്ന് രേണു പൊലീസിനോട് സമ്മതിച്ചു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
