Site icon Fourteen Kerala – 14 Kerala News

മിഷൻ ചക്കക്കൊമ്പൻ; ചിന്നക്കാനാലിൽ നിയന്ത്രണങ്ങൾ തുടരും, നാളെയും ആറ് വാർഡുകളിൽ നിരോധനാജ്ഞ

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അക്രമകാരിയായ കാട്ടാന ചക്കകൊമ്പനെ മയക്കുവെടി വച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കാനാലിൽ നിയന്ത്രണങ്ങൾ തുടരും. നാളെയും ആറ് വാർഡുകളിൽ നിരോധനാജ്ഞ. 1,2,9,10,11,12 വാർഡുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തുക. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. വിനോദ സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തും. പ്രദേശത്ത് സ്വകാര്യ ഡ്രോൺ പറത്തുന്നതിനും വിലക്കുണ്ട്. ഇടുക്കി ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. ഇന്നത്തെ ചക്കക്കൊമ്പന്‍ ദൗത്യം അവസാനിപ്പിച്ചു. ആദ്യ ഡോസ് മയക്കുവെടി വെച്ചെങ്കിലും ആന മയങ്ങിയില്ല. തുടര്‍ന്നാണ് ദൗത്യം അവസാനിപ്പിച്ചത്.

രണ്ടാമത്തെ ഡോസ് മയക്കുവെടി കൊണ്ടില്ല. ഉച്ചയ്ക്ക് 3.38-ന് ഓമനക്കുഴി ഭാഗത്തുവെച്ചാണ് ആനയ്ക്ക് ആദ്യ ഡോസ് മയക്കുവെടി വെച്ചത്. തുടർന്ന് അൽപദൂരം ഓടിയ ആന പിന്നീട് നിന്നു. മയങ്ങുന്നുണ്ടോ എന്ന് നിരീക്ഷിച്ചുവരികയായിരുന്നു. ആന മയങ്ങാതായതോടെയാണ് രണ്ടാമത്തെ വെടിവെച്ചത്. എന്നാല്‍ വെടി കൊള്ളാതായതോടെയും കാലാവസ്ഥ പ്രതികൂലമായതോടെയും ദൗത്യം ഇന്ന് ഉപേക്ഷിച്ചു. അതേസമയം, ദൗത്യത്തിനായി കുങ്കിയാനകൾ സിമന്റ് പാലത്തെ ബേസ് ക്യാമ്പിൽ നിന്ന് ഓമനക്കുഴിയിലേക്ക് പുറപ്പെട്ടിരുന്നു. ആനയെ ഇന്ന് രാത്രി പൂര്‍ണമായി നിരീക്ഷിക്കുകയും പുലര്‍ച്ചെ നാലരയോടെ പുനരാരംഭിക്കുകയും ചെയ്യും.

സുരക്ഷിതമല്ലാത്ത സ്ഥലമായതിനാൽ നേരത്തെ മയക്കുവെടി വയ്ക്കാനായിരുന്നില്ല. അരമണിക്കൂറിനുള്ളിൽ ആന മയങ്ങുമെന്നാണ് കരുതിയിരുന്നത്. ആന മയങ്ങിയാൽ റേഡിയോ കോളർ ഘടിപ്പിക്കാനായി കുംകി ആനകളെ തയാറാക്കി നിർത്തിയിരുന്നു. ചക്കക്കൊമ്പനെ മയക്കുവെടിവെക്കാൻ അനുയോജ്യമായ സാഹചര്യമില്ലെന്ന വിലയിരുത്തലിൽ ദൗത്യം ഉച്ച വരെ നിർത്തിവച്ചിരുന്നു. ഇന്ന് രാവിലെ 80 ഏക്കർ കോളനിക്ക് അടുത്തുള്ള പൊന്നു സ്വാമി എസ്റ്റേറ്റിലാണ് ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ ആദ്യം കണ്ടത്.

Exit mobile version