തിരുവനന്തപുരം: എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് മേധാവിക്ക് വീണ്ടും പരാതി. 80 വ്യാജ അക്കൗണ്ടുകൾ വഴിയാണ് ആക്രമണം നടക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ആവശ്യപ്പെട്ടു.
കോൺഗ്രസിൽ സൈബർ പോര് രൂക്ഷമായിരിക്കെയാണ് പുതിയ പരാതി എത്തിയത്. മുമ്പ് നൽകിയ പരാതിയിൽ നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദീപ്തി മേരി വർഗീസ് വീണ്ടും പൊലീസിനെ സമീപിച്ചത്. കെ സിയെ ലക്ഷ്യമിടുന്ന അക്കൗണ്ടുകൾ തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്നും പ്രചാരണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും പരാതിയിൽ പറയുന്നു.
പരാതിക്കൊപ്പം 80 അക്കൗണ്ടുകളുടെ വിവരങ്ങളും കൈമാറിയിട്ടുണ്ട്. ഇവ നീക്കാൻ മെറ്റയോട് ആവശ്യപ്പെടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സമഗ്രമായ സൈബർ അന്വേഷണം വേണമെന്ന നിലപാടിലാണ് ദീപ്തി മേരി വർഗീസ്.
നേരത്തെ കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ജോൺസൺ എബ്രഹാമും കെ സിക്കെതിരായ സൈബർ ആക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ നടപടി ഇല്ലാതിരുന്നതിനെ തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയതോടെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. എന്നാൽ അന്വേഷണം പിന്നീട് മുന്നോട്ടുപോയില്ലെന്നും പരാതിയിൽ പറയുന്നു. കെ സി ഗ്രൂപ്പ് ആലോചിച്ച് തീരുമാനമെടുത്തത് പ്രകാരമാണ് പുതിയ പരാതി നൽകിയത്.
