തൃശൂർ : മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിസിൻ വാർഡിനോട് ചേർന്ന ശുചിമുറിയിൽ ചികിത്സയിലിരുന്ന 77കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഈ മാസം 16ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാക്കുട്ടി റാവുത്തറെയാണ് ശനിയാഴ്ച നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച മുതലാണ് മാക്കുട്ടി റാവുത്തറെ വാർഡിൽ നിന്ന് കാണാതായത്. രോഗിയെ കാണാനില്ലെന്ന് വ്യക്തമായതോടെ മെഡിക്കൽ കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മെഡിസിൻ വാർഡിലെ ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്.
അജ്ഞാത രോഗിയായാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. മരിച്ചയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും ഇയാൾക്ക് കൂട്ടിരിപ്പുകാർ ഉണ്ടായിരുന്നില്ലെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. മൃതദേഹം കണ്ടെത്തുന്നതിന് തലേദിവസവും പ്രസ്തുത ശുചിമുറി വൃത്തിയാക്കിയിരുന്നുവെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം.
പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് രോഗി മരിച്ചിട്ട് 36 മണിക്കൂറോളം ആയെന്നു സ്ഥിരീകരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒന്നര ദിവസത്തോളം ശുചിമുറി വൃത്തിയാക്കിയില്ലേ എന്ന ചോദ്യം ഉയർന്നിട്ടുണ്ട്. 20ന് ശുചിമുറി വൃത്തിയാക്കി എന്നതാണ് സൂപ്രണ്ട് ഡോ. ലിജോയുടെ വിശദീകരണം.
എല്ലാ ദിവസവും ശുചിമുറി വൃത്തിയാക്കുന്നുണ്ടെന്നും ഡോക്ടർ പറഞ്ഞു. സിസിടിവികൾ പരിശോധിച്ച് രോഗി എങ്ങോട്ട് പോയെന്ന് കണ്ടെത്താൻ ശ്രമിച്ചുവെന്നും 19ന് രോഗിയെ കാണാതായി 21ന് മരിച്ച നിലയിൽ കണ്ടെത്തുന്നതുവരെ ശുചിമുറി വൃത്തിയാക്കിയില്ലേ എന്ന് ജീവനക്കാരോട് ചോദിച്ചുവെന്നും സൂപ്രണ്ട് പറഞ്ഞു. എന്നാൽ, വൃത്തിയാക്കി എന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു. തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറികളുടെ ശോചനീയാവസ്ഥയെ കുറിച്ച് മുമ്പും പരാതികൾ ഉയർന്നിരുന്നുവെന്നും അവ പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും ഡോ. ലിജോ വ്യക്തമാക്കി.
