Site icon Fourteen Kerala – 14 Kerala News

വീട്ടുകാരുടെ കാത്തിരിപ്പ് വിഫലമായി; ജോലിക്കെന്നുപറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി, മയക്കുമരുന്നിന്റെ അമിത ഉപയോഗമെന്ന് സംശയം

തിരുവനന്തപുരം: പള്ളിക്കൽ ബസാറിനടുത്ത് ആരക്കോട്ട് പുൽപ്പറമ്പിലുള്ള ആളില്ലാത്ത വീട്ടിൽ 26കാരനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ കാട്ടുപുതുശ്ശേരി തോളൂർ വീട്ടിൽ ഫൈസൽ ആണ് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ മരിച്ചുകിടന്ന നിലയിൽ കണ്ടെത്തപ്പെട്ടത്.

പെയിന്റിങ് തൊഴിലാളിയായ ഫൈസൽ മൂന്നു ദിവസം മുൻപ് ജോലിക്കെന്നുപറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതാണെന്ന് നാട്ടിൽനിന്ന് എത്തിയ ബന്ധുക്കൾ പറഞ്ഞു. ഇയാളെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് പോലീസ് പള്ളിക്കലെത്തിയത്. തേഞ്ഞിപ്പലം എസ്.എച്ച്.ഒ. ഷുഹൈബിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഫൈസൽ മരിച്ചുകിടന്ന വീട്ടിലെത്തിയത്.

അവിടെ ഉണ്ടായിരുന്ന വീട്ടുടമസ്ഥരിൽ ഒരാളായ മുഹമ്മദ് ഷാബിൽ (29), കൊല്ലം മൈനാഗപ്പള്ളി സ്വദേശി മുഹമ്മദ് അഫ്‌സൽ (30) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്തുണ്ടായിരുന്ന മറ്റൊരാൾ ഓടിരക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു.

ഫൈസൽ മരിച്ചുകിടന്ന വീട് മയക്കുമരുന്നുവില്പനക്കാരുടെ താവളമാണെന്ന് പറയുന്നു. മയക്കുമരുന്നിന്റെ അമിത ഉപയോഗമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Exit mobile version