Site icon Fourteen Kerala – 14 Kerala News

ഭക്തരോട് മോശമായി പെരുമാറരുത്: ശബരിമല ഡ്യൂട്ടിക്ക് ഇനി പ്രശ്നക്കാരായ പൊലീസുകാർ വേണ്ട; മദ്യപാനികളെയും മോശം പെരുമാറ്റക്കാരെയും ഒഴിവാക്കാൻ കർശന ഉത്തരവ്

ശബരിമല : ശബരിമല ഡ്യൂട്ടിയിൽ മുൻകാലങ്ങളിൽ മോശം പെരുമാറ്റത്തിന് അച്ചടക്കനടപടി നേരിട്ടവരെയും സ്ഥിരമായി പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവരെയും ഇനി ഉൾപ്പെടുത്തില്ല. ശബരിമലയിൽ എത്തുന്ന ഭക്തരോട് മാന്യമായി പെരുമാറാൻ അറിയാത്തവരും മദ്യപാനികളുമായ പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് അയക്കരുതെന്ന ഐ.ജി. പി. പ്രകാശിന്റെ ഉത്തരവിനെ തുടർന്നാണ് നടപടി.

ശബരിമലയുടെ സോണൽ ഓഫീസർ കൂടിയായ എ.ഡി.ജി.പി. പി. വിജയനും ഇതുസംബന്ധിച്ച നിർദേശം നൽകി. മോശം പെരുമാറ്റമുള്ള പോലീസുകാർ ഇനിയുള്ള ശബരിമല ഡ്യൂട്ടി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ ഒഴിവാക്കണമെന്നുമാണ് നിർദേശം.

കഴിഞ്ഞദിവസം നിലയ്ക്കലിൽ തീർഥാടകരുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവറെ ഒരു പോലീസ് ഉദ്യോഗസ്ഥൻ മർദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി തുടങ്ങിയത്. പോലീസുകാരന്റെ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും സേനയ്ക്ക് കളങ്കം വരുത്തുന്നവരെ ഡ്യൂട്ടിക്കായി അയക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നുമാണ് ജില്ലാ പോലീസ് മേധാവികൾക്ക് അയച്ച സർക്കുലറിൽ പറയുന്നത്.ഇതേത്തുടർന്ന് സന്നിധാനത്തും പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. സന്നിധാനം സ്‌പെഷ്യൽ ഓഫീസർ ജി. ജയ്‌ദേവിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഡിവൈ.എസ്.പി.മാരും ഇൻസ്പക്ടർമാരും പങ്കെടുത്തു. ശബരിമലയിലേക്ക് എത്തുന്ന തീർഥാടകരോട് യാതൊരു പ്രകോപനങ്ങളും ഉണ്ടാക്കരുതെന്നും യോഗത്തിൽ നിർദേശിച്ചു.

ഈ മണ്ഡലകാലത്തെ രണ്ടാമത്തെ ബാച്ച് 25-ന് ചുമതലയേൽക്കും. അതേസമയം, നാല് സംസ്ഥാന പോലീസ് മേധാവികൾക്ക് ശബരിമല സംബന്ധിച്ച ‘കുറിപ്പ്’ ഡി.ജി.പി. റവാഡ ചന്ദ്രശേഖർ നൽകി. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലെ പോലീസ് മേധാവികളുമായാണ് അദ്ദേഹം ശബരിമലയിലെ ക്രമീകരണങ്ങളും സുരക്ഷയും ഫോണിൽ സംസാരിച്ച് പങ്കുവെച്ചത്.

തീർഥാടനകാലത്തെ അറിയിപ്പുകളും നിർദേശങ്ങളും പ്രാദേശിക ഭാഷകളിൽ ഭക്തരെ അറിയിക്കണമെന്നും, അതിനായി പത്രക്കുറിപ്പുകൾ ഇറക്കിയും മറ്റും പ്രചരിപ്പിക്കണമെന്നും ഡി.ജി.പി. ഈ മണ്ഡലകാലത്തിന്റെ തുടക്കത്തിൽ തന്നെ നിർദേശം നൽകിയിരുന്നു.

Exit mobile version