Site icon Fourteen Kerala – 14 Kerala News

നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്; എല്ലാ സൈബർ ആക്രമണങ്ങളുടെയും ഗൂഢാലോചന നടക്കുന്നത് അടൂരിലെ ഒരു വീട്ടിൽ നിന്ന്’ -കടന്നാക്രമിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ തർക്കം രൂക്ഷമായി തുടരുന്നതിനിടെ ഷാഫി പറമ്പിലിനെ കടന്നാക്രമിച്ച് വീണ്ടും രാജ്‌മോഹൻ ഉണ്ണിത്താൻ. തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലാണെന്നും രാഹുൽ ഷാഫി പറമ്പിലിന് വേണ്ടിയാണ് ഇത് നടത്തുന്നതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പരോക്ഷമായി പറഞ്ഞു.

‘നാലു ഗർഭമുണ്ടാക്കി അടൂരിലെ വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’ കാസർകോട് എംപി പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താനും ഷാഫി പറമ്പിലും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഷാഫി പറമ്പിൽ ‘എ’ ഗ്രൂപ്പിന്റെ ഭാഗമല്ലെന്നും ഷാഫി എ പക്ഷത്താണെന്ന് വിശ്വസിക്കാൻ മൗഢ്യമില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഉണ്ണിത്താന്റെ മുൻകാല പാർട്ടി നിലപാടുകളെയും സസ്പെൻഷനുകളെയും പരാമർശിച്ചും ഷാഫി പക്ഷ നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ വിമർശനം ഉന്നയിച്ചു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ.

വ്യാജ ഐഡികളിൽനിന്നാണ് തനിക്കെതിരായ സൈബർ ആക്രമണം വരുന്നത്. ഇതെല്ലാം സംഘടിതമാണെന്നും പെട്ടിത്താങ്ങികളായ കുറേപേരാണ് പോസ്റ്റുകൾ ഇട്ടിരിക്കുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു.

‘ഷാഫി പറമ്പിലിനെ ഞാൻ അപമാനിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്തിട്ടില്ല. വ്യക്തിപരമായും പറഞ്ഞിട്ടില്ല. അദ്ദേഹം ഇപ്പോ എ ഗ്രൂപ്പിൽ അല്ല എന്ന് മാത്രമാണ് പറഞ്ഞത്. കെ.സി.ജോസഫ്, ബെന്നി ബെഹനാൻ എന്നിവരെല്ലാം കറ കളഞ്ഞ എ ഗ്രൂപ്പുകാരാണ്.
ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരനാണെന്ന് പറഞ്ഞാൽ ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിട്ടേ എനിക്ക് കാണാൻ കഴിയൂ. എ ഗ്രൂപ്പിന് സർട്ടിഫിക്കറ്റ് കൊടുക്കുന്നത് ഞാനല്ല. പക്ഷേ അയാൾ അങ്ങനെ പറഞ്ഞാൽ ഒരിക്കലും അംഗീകരിക്കില്ല.

എ ഗ്രൂപ്പുണ്ടായത് ഉമ്മൻചാണ്ടിയിൽനിന്നാണ്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ സംരക്ഷിച്ചത് ഞാൻ മാത്രമാണ്. ഉമ്മൻചാണ്ടിയെയും കുടുംബത്തെയും പ്രതിപക്ഷം വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ ഇപ്പറഞ്ഞ ഉമ്മൻചാണ്ടി പ്രേമികളോ സ്കൂൾ ഓഫ് പൊളിറ്റിക്സിന്റെയോ ഒരാളെയോ കണ്ടിട്ടില്ല.
ഉമ്മൻചാണ്ടിക്കുവേണ്ടി തിരുവനന്തപുരത്തേക്ക് ട്രെയിനിൽ പോകുന്നതിനിടെ വേട്ടനായ്ക്കൾ കടിച്ചുകീറുന്നത് പോലെ സിപിഎമ്മുകാർ എന്നെ ആക്രമിച്ചു. ആശുപത്രിയിലായി. ഉമ്മൻചാണ്ടിയെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ തങ്ങളുടെ ഭാവി അപകടത്തിലാകുമോ എന്ന് ഭയന്ന് തലയിൽ മുണ്ടിട്ട് ഓടി ഒളിച്ചവർ ഉമ്മൻചാണ്ടി മരിച്ചപ്പോൾ അദ്ദേഹത്തിനൊപ്പം കുട പിടിച്ച് നിൽക്കുന്ന ഫോട്ടോ പ്രചരിപ്പിച്ചു.

അക്കാലത്ത് ഉമ്മൻചാണ്ടിക്കൊപ്പം നിൽക്കാൻ എന്നോടൊപ്പം ഉണ്ടായിരുന്നത് സിദ്ധിഖ് മാത്രമാണ്. കെ.സി.വേണുഗോപാലടക്കം അന്ന് ആരോപണവിധേയരായ എല്ലാവരെയും ഞങ്ങൾ സംരക്ഷിച്ചു. എന്നാൽ ഉമ്മൻചാണ്ടിയുടെ ഒരു ഔദാര്യം ഞാൻ പറ്റിയിട്ടില്ല. ഉമ്മൻചാണ്ടി സ്കൂൾ ഓഫ് എന്ന് പറയുന്ന ഒരാളും അദ്ദേഹത്തെ സംരക്ഷിച്ചില്ല. സിദ്ധിഖല്ലാതെ’ രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

‘ഉമ്മൻചാണ്ടി അവസാന നാളുകളിൽ അദ്ദേഹം ഒരു കുറിപ്പെഴുതി, കേരളത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനെ നിയമിക്കണമെന്നാവശ്യപ്പെട്ടുള്ള കുറിപ്പ്. അത് വലിച്ചു കീറി ചവറ്റുക്കുട്ടയിലെറിഞ്ഞാണ് അടൂർക്കാരനെ വെച്ചത്.എനിക്കെതിരായ സൈബർ ആക്രമണം മുഴുവൻ പരിശോധിച്ചു. ആശാനുവേണ്ടി ശിഷ്യൻ ഇറങ്ങിയിരിക്കുകയാണെന്ന് മനസ്സിലായി. നാലു ഗർഭം ഉണ്ടാക്കി ഇപ്പോൾ അടൂരിലെ വീട്ടിൽ വിശ്രമിക്കുകയാണ്. സകല സൈബർ ആക്രമണത്തിന് പിന്നിലും അടൂരിലെ വീട്ടിൽനിന്നാണ് എന്നറിയാം’ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

‘സോളാർ കേസ് വന്നപ്പോൾ കുടുംബത്തെ നിലനിർത്തിയത് രാജ്‌മോഹൻ ഉണ്ണിത്താൻ ഒറ്റയൊരാളാണെന്ന് പറഞ്ഞയാൾ പോലും ഇപ്പോൾ എന്നെ ആക്രമിക്കുമ്പോൾ അത് ആസ്വദിക്കുന്നു. ഈ ആസ്വാദനത്തിനൊന്നും അധികം ആയുസുണ്ടാകില്ല. എനിക്ക് ആരോടും കടപ്പാടില്ല. ഞാൻ പറയുന്ന കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് അടിസ്ഥാന രഹിതമാണെന്ന് തെളിയിച്ച് പൊതുജീവിതം അവസാനിപ്പിക്കാം’ രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

Exit mobile version