എറണാകുളം: സസ്‌പെന്‍ഷന്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് പിന്നാലെ കാലടി സര്‍വകലാശാലയില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ വൈകാരികമായി പ്രതികരിച്ചു. മൂന്ന് നാലു മാസക്കാലം തങ്ങള്‍ പതിനാറ് പേര്‍ അനുഭവിച്ച കാര്യങ്ങള്‍ക്കൊക്കെ അറുതി വന്നുവെന്നാണ് വിദ്യാര്‍ഥികള്‍ പറഞ്ഞത്.
“ജീവിതത്തില്‍ തോറ്റുപോയാലും ആര്‍എസ്എസിനോട് തോല്‍ക്കാന്‍ സൗകര്യമില്ല” എന്നായിരുന്നു വിദ്യാര്‍ഥികളുടെ പ്രതികരണം. “മാപ്പുമില്ല, കോപ്പുമില്ല” എന്നും അവര്‍ പറഞ്ഞു. മാപ്പും ഒരു കോപ്പും പറയാതെ തന്നെയാണ് പരീക്ഷ എഴുതാന്‍ പോകുന്നതെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.
ജൂലൈ 22നാണ് അനിശ്ചിതകാല സമരം തുടങ്ങിയത്. അന്നുമുതല്‍ എസ്എഫ്‌ഐയെ ആക്രമിക്കാന്‍ ക്യാമ്പസിലെ കെഎസ്‌യുവും സംഘപരിവാറും സിസ തോമസും റോജി എം ജോണും ശ്രമിച്ചുവെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തും അറസ്റ്റ് ചെയ്തും പരീക്ഷ എഴുതിക്കാതെയും വേട്ടയാടിയ പ്രവണതയാണെന്ന് അവര്‍ പറഞ്ഞു.
“ഇത് എസ്എഫ്‌ഐ ആണ് എന്നാണ് അവരെല്ലാരോടും പറയാനുള്ളത്. നിങ്ങളുടെ സവര്‍ക്കറോ നിങ്ങളുടെ മറ്റ് സംഘികളോ അല്ല” എന്നും വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. തങ്ങള്‍ക്ക് ഒരു മാപ്പും പറയേണ്ട ആവശ്യമില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.
“ഒരു തെറ്റും ചെയ്യാതെയാണ് ഞങ്ങളെ എണ്‍പതോളം ദിവസം പുറത്തു നിര്‍ത്തിയത്. ഇതിന് ഉത്തരവാദി റോജി എം ജോണും സിസ തോമസും ഇവിടുത്തെ ഗവണ്‍മെന്റുമാണ്. ഞങ്ങള്‍ ക്യാമ്പസില്‍ കേറും. അതെല്ലാവരും കണ്ണ് തുറന്ന് കാണുക” എന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച തീരുമാനം. കാലടി സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരീക്ഷ എഴുതാനും കോടതി അനുമതി നല്‍കി. സമരവും നിയമപോരാട്ടവും വിജയം കണ്ടതോടെ ക്യാമ്പസില്‍ ആഹ്ളാദപ്രകടനം നടന്നു. നിരാഹാര സമരത്തിലിരുന്ന വിദ്യാര്‍ഥികള്‍ക്ക് നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിച്ചു.
