Site icon Fourteen Kerala – 14 Kerala News

മരണം വരെയും ആ രാത്രി മറക്കാന്‍ കഴിയില്ല; പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷ, ധനരാജിന്റെ ഭാര്യ എന്‍ വി സജിനി

കണ്ണൂര്‍: പയ്യന്നൂരിലെ സിപിഐഎം പ്രവര്‍ത്തകന്‍ സി വി ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിധി അല്‍പസമയത്തിനകം. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ധനരാജിന്റെ ഭാര്യ എന്‍ വി സജിനി പറഞ്ഞു.

വിധി നമുക്ക് അനുകൂലമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. 10 വര്‍ഷം കഴിഞ്ഞിട്ട് പോലും ആ ഓര്‍മകള്‍ ഓര്‍ക്കാത്തൊരു ദിവസം ഞങ്ങള്‍ക്കാര്‍ക്കുമില്ല. പെറ്റമ്മയ്ക്ക് സഹിക്കാന്‍ പറ്റാത്ത വേദനയാണ് അന്ന് അമ്മ അനുഭവിച്ചത്. മരണം വരെയും ആ രാത്രി മറക്കാന്‍ പറ്റില്ല. അര്‍ഹിക്കുന്ന ശിക്ഷ കിട്ടും എന്ന് തന്നെയാണ് വിധിയിലുള്ള പ്രതീക്ഷ – എന്‍ വി സജിനി പറഞ്ഞു.

2016 ജൂലൈ 11നാണ് വീട്ടുമുറ്റത്ത് അമ്മയുടെയും ഭാര്യയുടെയും കണ്‍മുന്നില്‍ വച്ച് സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്. വഴിയരികില്‍ മറഞ്ഞിരുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ പ്രതികള്‍ സി.വി ധനരാജിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു അക്രമികള്‍. വെട്ടേറ്റയുടന്‍ ഓടി രക്ഷപ്പെടാന്‍ നോക്കി ധനരാജ്. എന്നാല്‍ ആക്രമികള്‍ വിട്ടില്ല. വീടിന്റെ പിന്നാമ്പുറത്ത് വെച്ച് വീണ്ടും വെട്ടി വീഴ്ത്തി. അമ്മയുടെയും ഭാര്യയുടെയും കണ്‍മുന്നില്‍ വച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്.

പന്ത്രണ്ടാം പ്രതിയായിരുന്ന ചൂരക്കാട് ബിജു പിന്നീട് സിപിഎം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ടതിന് ശേഷം അവശേഷിക്കുന്നത് 19 പ്രതികളാണ്. രാമന്തളിയിലെ ടി.പി ബിജു, എം വിപിന്‍, എം വൈശാഖ്, സി സുകേഷ്, കെ.വി പ്രജിത്ത് ലാല്‍, കെ. അനൂപ്, പണ്ടാരവളപ്പില്‍ രാജേഷ്, കെ എം ബിജു, പി രാജേഷ് കുമാര്‍, കെ മനൂപ്, സി ഷൈജു, ധനേഷ്, പി പി രാജീവന്‍, മധു, തിരുവനന്തപുരം നെയ്യാറിലെ എസ് ആര്‍ രാജേഷ്, മനിയേരി തമ്പാന്‍ , രമേശന്‍, എ പി നിജേഷ്, ലിജിന്‍ എന്നിവരാണ് പ്രതികള്‍. രണ്ടാം പ്രതി വിപിനും മൂന്നാം പ്രതി വൈശാഖും സഹോദരങ്ങള്‍. ആറാം പ്രതി കെ അനൂപ്, പത്താം പ്രതി മനൂപ് എന്നവരും ഒമ്പതാം പ്രതി പി രാജേഷ് കുമാര്‍, 18ആം പ്രതി രമേശന്‍ എന്നിവരും സഹോദരങ്ങളാണ്.43 സാക്ഷികളെ വിസ്തരിച്ചപ്പോള്‍ സാക്ഷിപ്പട്ടികയിലെ മൂന്ന് പേര്‍ വിചാരണക്ക് കോടതിയിലെത്തിയില്ല. അഞ്ചാം സാക്ഷി ഷിബിന്‍ പിന്നീട് സഹോദരങ്ങളായ അനൂപ്, മനൂപ് എന്നിവരുടെ ബന്ധുവിനെ വിവാഹം ചെയ്തതു കാരണമാണ് കോടതിയിലെത്താതിരുന്നത്. മറ്റു രണ്ടു സാക്ഷികളായ ഉണ്ണികൃഷ്ണനും അഖിലും വിദേശത്തായതിനാല്‍ വന്നില്ല.

127 രേഖകളും വാഹനങ്ങള്‍ ഉള്‍പ്പെടെ 33 മെറ്റീരിയല്‍ തെളിവുകളും കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ട്. കക്കന്‍പാറ മുത്തപ്പന്‍ ക്ഷേത്രത്തിനടുത്തുള്ള പാറയിലും കൊല നടന്ന ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുഞ്ഞികൃഷ്ണന്റെ ഗൃഹപ്രവേശന ചടങ്ങിലും വെച്ച് ഗൂഢാലോചന നടത്തിയാണ് പ്രതികള്‍ കൊലപാതകം നടപ്പാക്കിയത് എന്നാണ് പ്രോസിക്യൂഷന്‍ വാദം. ഗൂഢാലോചനയിലാണ് തിരുവനന്തപുരത്തെ ആര്‍എസ്എസ് നേതാവ് എസ് ആര്‍ രാജേഷും പങ്കെടുത്തതെന്ന് പ്രോസിക്യൂഷന്‍ വാദിക്കുന്നു.പല്ലിന് പല്ല്, കണ്ണിന് കണ്ണ് എന്ന നിലയിലായിരുന്നു അന്ന് പയ്യന്നൂരിലെ സംഘര്‍ഷം. ധനരാജ് കൊല്ലപ്പെട്ട അന്ന് രാത്രി തന്നെ സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകന്‍ സി.കെ രാമചന്ദ്രനെ കൊലപ്പെടുത്തി. ധനരാജ് കൊല്ലപ്പെട്ട് ഒരു വര്‍ഷത്തിനു ശേഷമാണ് പന്ത്രണ്ടാം പ്രതി ചൂരക്കാട് ബിജുവും കൊല്ലപ്പെട്ടത്.

Exit mobile version