Site icon Fourteen Kerala – 14 Kerala News

വീട്ടിൽ നൂഡിൽസ് ഉണ്ടാക്കി കഴിച്ച സഹോദരിമാർക്ക് ദേഹാസ്വാസ്ഥ്യം; ഏഴുവയസുകാരി മരിച്ചു, മൂത്ത സഹോദരി ആശുപത്രിയിൽ

രാജസ്ഥാനിലെ ജയ്പുരില്‍ നൂഡില്‍സ് കഴിച്ചതിന് പിന്നാലെ ഏഴുവയസുകാരി മരിച്ചു. ഭക്ഷ്യവിഷബാധയേറ്റതാണെന്നാണ് സംശയം. കുട്ടിയുടെ മൂത്ത സഹോദരിയും ആശുപത്രിയില്‍ ചികില്‍സയിലാണ്. പിഹു കുമാവത് എന്ന കുട്ടിയാണ് മരിച്ചത്. സഹോദരി ദിവ്യാംശിയാണ് ചികില്‍സയിലുള്ളത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ദിവ്യാംശിയും പിഹുവും കൂടി നൂഡില്‍സുണ്ടാക്കി കഴിച്ചു. ക്ഷീണം തോന്നിയതോടെ രണ്ടുപേരും കിടന്നുറങ്ങി. മൂന്ന് മണിയോടെ ഇവരുടെ അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മക്കളിലൊരാള്‍ ഉറക്കമെഴുന്നേറ്റിട്ടും ക്ഷീണിതയായിരിക്കുന്നതും ഇളയ മകള്‍ ബോധംകെട്ട് ഉറങ്ങുന്നതും കണ്ടത്. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. പരിശോധിച്ച ഡോക്ടര്‍മാരാണ് പിഹു മരിച്ചതായി സ്ഥിരീകരിച്ചത്.

കുട്ടിയുടെ മരണകാരണം സ്ഥിരീകരിക്കാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരണമെന്നും ഇവര്‍ കഴിച്ച നൂഡില്‍സിന്റെ സാംപിള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇവരുടെ സഹോദരനും അസുഖ ബാധിതനായി രണ്ടുമാസമായി ചികില്‍സയിലാണെന്ന് പൊലീസ് പറയുന്നു.

Exit mobile version