മലപ്പുറം: മുഖം വെളുക്കാൻ ഉപയോഗിച്ച ഫെയർനെസ് ക്രീമിലെ അമിത മെർക്കുറി 17കാരിയുടെ വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചതായി പരാതി. മെർക്കുറിയുടെ സാന്നിധ്യം മൂലം മെംബ്രനസ് നെഫ്രോപതി എന്ന വൃക്കരോഗാവസ്ഥ ബാധിച്ച പെൺകുട്ടി വിദഗ്ധ ചികിത്സയിലൂടെ അപകടനില തരണം ചെയ്തു.
കേന്ദ്രസർക്കാർ അംഗീകൃത ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി ഉപയോഗിച്ച ക്രീമിൽ 1.25 ശതമാനം മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി ചികിത്സിച്ച ഡോക്ടർ വ്യക്തമാക്കി. സംഭവത്തിൽ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പെൺകുട്ടിയുടെ കുടുംബം.
ഏകദേശം ഒരു വർഷമായി പെൺകുട്ടി ഈ ക്രീം ഉപയോഗിക്കുന്നുണ്ടായിരുന്നു. തുടക്കത്തിൽ ആരോഗ്യപ്രശ്നങ്ങളൊന്നും അനുഭവപ്പെട്ടിരുന്നില്ല. പിന്നീട് പഠിക്കാൻ ബുദ്ധിമുട്ട്, അമിത ക്ഷീണം, രാത്രിയിൽ ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. പിന്നാലെ കൈകാലുകളിലും മുഖത്തും നീരുണ്ടായി. ഇതോടെയാണ് ചികിത്സ തേടിയത്. പരിശോധനയിൽ രക്തത്തിൽ മെർക്കുറിയുടെ അളവ് ഉയർന്നതായി കണ്ടെത്തി.
ഇൻസ്റ്റഗ്രാം പേജ് വഴിയാണ് പെൺകുട്ടി ക്രീം വാങ്ങിയത്. ഉൽപ്പന്നത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ മെർക്കുറി ഉപയോഗിക്കുന്നില്ലെന്നും പ്രകൃതിദത്ത ചേരുവകൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നുമാ യിരുന്നു വിൽപ്പനക്കാരുടെ മറുപടിയെന്ന് പെൺകുട്ടി പറഞ്ഞു.
കൗമാരക്കാരെയും യുവാക്കളെയും ലക്ഷ്യമിട്ട് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഓൺലൈൻ വഴി ഇത്തരം സൗന്ദര്യവർധക വസ്തുക്കൾ വിപണിയിലെത്തുന്നുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായിരുന്നുവെന്നും കൃത്യസമയത്ത് ചികിത്സ ലഭിച്ചതിനാലാണ് വലിയ അപകടം ഒഴിവായതെന്നും ചികിത്സിച്ച ഡോക്ടർ വ്യക്തമാക്കി.
സെൻട്രൽ ഡ്രഗ്സ് കൺട്രോൾ ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾ പ്രകാരം സൗന്ദര്യവർധക വസ്തുക്കളിൽ അനുവദനീയമായ അളവിൽ കൂടുതൽ മെർക്കുറി അടങ്ങിയിരിക്കാൻ പാടില്ല. ഡോക്ടർമാരുടെ നിർദേശമില്ലാതെ ഇത്തരം ക്രീമുകൾ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്.
