Site icon Fourteen Kerala – 14 Kerala News

കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി, ചില സർവീസുകൾ ഒഴിവാക്കി

സേലം ഡിവിഷനിലെ ട്രാക്കുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിനുകൾ നവംബർ 26ന് ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. കണ്ണൂർ-കോയമ്പത്തൂർ (16607)യും കോയമ്പത്തൂർ-കണ്ണൂർ (16608)യും ആണ് ബാധിക്കുക.

നവംബർ 26ന് കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് പാലക്കാട് ജങ്ഷനും കോയമ്പത്തൂരിനും ഇടയിലാണ് സർവീസ് റദ്ദാക്കിയത്. ആ ദിവസം ട്രെയിൻ പാലക്കാട് ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. അതേ ദിവസം കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് (16608) കോയമ്പത്തൂരിനും പാലക്കാട് ജങ്ഷനും ഇടയിൽ ഓടില്ല.

ഈ സർവീസിൽ പാലക്കാട് ജങ്ഷനിൽനിന്ന് വൈകിട്ട് 3.10-നാകും യാത്ര ആരംഭിക്കുക. യാത്രക്കാർ സമയക്രമം ശ്രദ്ധിക്കണമെന്ന് റെയിൽവേ അറിയിച്ചു. അതേസമയം, ചർലപ്പള്ളി-കൊല്ലം ജങ്ഷൻ സ്പെഷ്യൽ എക്സ്പ്രസ് (07195) നവംബർ 22ന് പൂർണമായും സർവീസ് റദ്ദാക്കി. കൊല്ലം-ചർലപ്പള്ളി സ്പെഷ്യൽ എക്സ്പ്രസ് (07196) നവംബർ 24നും പൂർണമായും റദ്ദാക്കിയിട്ടുണ്ട്.

കൂടാതെ ചെന്നൈ എഗ്മോർ-മംഗളൂരു സെൻട്രൽ-ചെന്നൈ എഗ്മോർ ട്രെയിനുകളിൽ (16159/16160) ഒരു സ്ലീപ്പർ ക്ലാസ് അധികമായി അനുവദിച്ചു. ചെന്നൈ എഗ്മോർ-മംഗളൂരു എക്സ്പ്രസിൽ (16159) നവംബർ 20 മുതലും മംഗളൂരു-ചെന്നൈ എഗ്മോർ എക്സ്പ്രസിൽ (16160) നവംബർ 22 മുതലുമാണ് അധിക കോച്ച് ചേർത്തത്.

Exit mobile version