Site icon Fourteen Kerala – 14 Kerala News

പത്മജയെ ബിജെപിയിലേക്ക് കൊണ്ടുവന്നത് താനല്ല; രാജിയിൽ മറുപടി പറയേണ്ടത് സംസ്ഥാന നേതൃത്വമെന്ന് സുരേഷ് ഗോപി

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപിയിൽ നിന്ന് പത്മജ വേണുഗോപാൽ രാജിവെച്ച വിഷയത്തിൽ പ്രതികരിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മറുപടി പറയേണ്ടത് താനല്ലെന്നും താനല്ല പത്മജയെ ബിജെപിയിലേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

പത്മജയുടെ രാജിയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. വിഷയത്തിൽ നിലപാട് പറയേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്ന് പറഞ്ഞ അദ്ദേഹം, ഈ കാര്യത്തിൽ തനിക്ക് നേരിട്ട് മറുപടി നൽകാനില്ലെന്നും വ്യക്തമാക്കി. ഷുക്കൂർ വധക്കേസിലും സുരേഷ് ഗോപി പ്രതികരിച്ചു. കേസിൽ പി ജയരാജനെ ഉൾപ്പെടെ വെറുതെ വിട്ടത് സങ്കടകരമായ കാര്യമാണ് എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രതികൾക്ക് കുടുംബത്തിന്റെ ശാപം ഏൽക്കാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പത്മജ വേണുഗോപാല്‍ ബിജെപി അംഗത്വം രാജിവെച്ചത് ഇ മെയിൽ വഴിയാണ് . പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു.ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു.

Exit mobile version