പമ്പ:ശബരിമല തീര്‍ഥാടന പാതയിലെ പ്രധാന റോഡായ ചാലക്കയം – പമ്പ റോഡ് നവീകരണത്തിന് ശേഷം തുറന്നു കൊടുത്തു. 4.5 കിലോമീറ്റര്‍ നീളത്തില്‍ 12 മീറ്റര്‍ വീതിയില്‍ ആധുനിക നിലവാരത്തിലാണ് നവീകരണം പൂര്‍ത്തിയാക്കിയത്. 15 കോടി രൂപ ചിലവില്‍ ഒരു മാസം കൊണ്ട് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത് പൊതുമരാമത്ത് വകുപ്പിന്റെ ചരിത്ര നേട്ടമാണ്.
ദേവസ്വം വകുപ്പ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയ റോഡിന്റെ നവീകരണത്തിനുള്ള ഭരണാനുമതി സെപ്റ്റംബര്‍ 17-ന് നല്‍കി. സെപ്തംബര്‍ 30-ന് ടെണ്ടര്‍ നടപടി. ഒക്ടോബര്‍ 13-ന് നവീകരണ ജോലികള്‍ തുടങ്ങി. നവംബര്‍ 13-ന് പൂര്‍ത്തിയായി. ദേവസ്വം മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയില്‍ പൊതുമരാമത്ത് മന്ത്രി പി.കെ ബഷീറാണ് റോഡ് ഉദ്ഘാടനം ചെയ്തത്.
സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് നവീകരിച്ച പമ്പ-ചാലക്കയം റോഡ്. പൊതുഖജനാവിന് കൂടുതല്‍ ബാധ്യത ഉണ്ടാക്കാതെ പണികള്‍ കൃത്യസമയത്ത് പൂര്‍ത്തീകരിക്കുന്നതിന് ഇതൊരു മാതൃകയാകണം. പമ്പ- ചാലക്കയം റോഡ് നവീകരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങൾ ആശംസിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
