Site icon Fourteen Kerala – 14 Kerala News

തൂക്കിലേറ്റാൻ വിട്ടുതരില്ല’; ഷെയ്ഖ് ഹസീനയെ തിരികെ അയക്കാൻ ബംഗ്ലാദേശിന് മുന്നിൽ രണ്ട് കർശന നിബന്ധനകൾ വെച്ച് ഇന്ത്യ

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും അവാമി ലീഗ് അധ്യക്ഷയുമായ ഷെയ്ഖ് ഹസീനയെ തിരികെ അയക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ രണ്ട് പ്രധാന നിബന്ധനകൾ മുന്നോട്ടുവെച്ചതായി റിപ്പോർട്ട്. 2024 ഓഗസ്റ്റ് അഞ്ചിന് പ്രക്ഷോഭകർ ഔദ്യോഗിക വസതി വളഞ്ഞതിനെ തുടർന്ന് ബംഗ്ലാദേശ് സൈനിക വിമാനത്തിലാണ് ഹസീന ഇന്ത്യയിൽ അഭയം തേടിയത്.

രണ്ട് വർഷത്തിലേറെയായി ഇന്ത്യയിൽ കഴിയുന്ന അവർ ഈ ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി വ്യക്തമാക്കിയിരുന്നു. ഇതിന് ഇന്ത്യയുടെ പരോക്ഷ സമ്മതമുണ്ടെങ്കിലും കർശനമായ രണ്ട് നിബന്ധനകൾ പാലിച്ചാൽ മാത്രമേ കൈമാറ്റം സാധ്യമാകൂ എന്നാണ് ന്യൂഡൽഹിയുടെ നിലപാട്.

ഷെയ്ഖ് ഹസീനയെ തിരികെ കൊണ്ടുപോകുന്നതിന്റെ പൂർണ്ണ ചുമതല ബംഗ്ലാദേശ് സൈന്യം തന്നെ ഏറ്റെടുക്കണം എന്നതാണ് ഇന്ത്യ താരിഖ് റഹ്‌മാൻ സർക്കാരിന് മുന്നിൽ വെച്ച ആദ്യ നിബന്ധന. ഇന്ത്യയിലെത്തിയതുപോലെ തന്നെ ബംഗ്ലാദേശ് സൈന്യത്തിന്റെ പ്രത്യേക വിമാനത്തിലോ, കര അതിർത്തിയിലെ നിശ്ചിത കേന്ദ്രത്തിൽ വെച്ചോ സൈന്യം അവരെ ഏറ്റെടുത്ത് സുരക്ഷിതമായി കൊണ്ടുപോകണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നു.

2024 ജൂലൈയിലെ കൂട്ടക്കൊലപാതക ആരോപണങ്ങളുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് കോടതി ഹസീനയ്ക്ക് വിധിച്ച വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാൻ അവസരം നൽകണം. കൂടാതെ, പുതിയതും സുതാര്യവുമായ വിചാരണ ഉറപ്പാക്കുകയും, ഈ നടപടികൾ അന്താരാഷ്ട്ര സമൂഹത്തിന്റെയും ആഗോള മാധ്യമങ്ങളുടെയും സജീവ നിരീക്ഷണത്തിലായിരിക്കണമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

‘വധശിക്ഷ നടപ്പാക്കാൻ വേണ്ടി മാത്രം ഹസീനയെ ബംഗ്ലാദേശിന് കൈമാറാൻ ഇന്ത്യക്കാവില്ല, പകരം നീതിയുക്തമായ വിചാരണയ്ക്കുള്ള അവസരം ഉറപ്പാക്കുകയാണ് ലക്ഷ്യം” എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി ബിബിസി ബംഗ്ലാ റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഹസീനയുടെ ജീവന് സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഇന്ത്യയ്ക്കുമേലാണെന്നും നയതന്ത്ര വൃത്തങ്ങൾ വിലയിരുത്തുന്നു.

Exit mobile version