കോയമ്പത്തൂര്‍ വിപണിയില്‍ ചെറിയ ഉള്ളി വില കുതിച്ചുയര്‍ന്ന് റെക്കോര്‍ഡ് നിലയിലെത്തി. വരവ് കുറഞ്ഞതോടെ മൊത്തവില കിലോയ്ക്ക് 180 രൂപയായും ചില്ലറവില 200 രൂപയായും ഉയര്‍ന്നതായി വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ഒരു മാസമായി വിലക്കയറ്റം തുടരുകയാണ്. ഇതോടെ വ്യാപാരികളും ഉപഭോക്താക്കളും ഒരുപോലെ ആശങ്കയിലാണ്.
സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ മൊത്തവിലയും 200 രൂപ കടക്കാന്‍ സാധ്യതയുണ്ടെന്ന് ടി.കെ മാര്‍ക്കറ്റ് പച്ചക്കറി വ്യാപാരി സംഘം വ്യക്തമാക്കി. നിലവില്‍ പല്ലടം, ആലാന്തുറ തുടങ്ങിയ ഭാഗങ്ങളിലെ ചുരുക്കം ചില വന്‍കിട കര്‍ഷകരുടെ പക്കല്‍ മാത്രമാണ് ചെറിയ ഉള്ളി സ്റ്റോക്കുള്ളത്. തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കും എത്തുന്ന ഉള്ളിയുടെ വലിയ പങ്കും ഇവിടെ നിന്നാണെന്ന് വ്യാപാരികള്‍ പറയുന്നു.
ഡിസംബര്‍ പകുതിയോടെ അടുത്ത വിളവെടുപ്പ് തുടങ്ങുമ്പോഴേ വിലയില്‍ കുറവ് പ്രതീക്ഷിക്കാനാകൂ. അതുവരെ വിപണിയിലെ സമ്മര്‍ദം തുടരാനാണ് സാധ്യത. ചെറിയ ഉള്ളിക്കൊപ്പം സവാളയുടെയും വെളുത്തുള്ളിയുടെയും വിലയും ഉയര്‍ന്നിട്ടുണ്ട്. സവാളയുടെ മൊത്തവില കിലോയ്ക്ക് 60 രൂപയായി. ദീപാവലിക്ക് ശേഷം മഹാരാഷ്ട്രയില്‍ വിളവെടുപ്പ് സജീവമായതിനാല്‍ അടുത്ത ആഴ്ചയോടെ വരവ് കൂടുകയും വില 40 രൂപയിലേക്ക് താഴുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
ഒന്നാംതരം വെളുത്തുള്ളിയുടെ മൊത്തവില കിലോയ്ക്ക് 300 രൂപയായി കുത്തനെ ഉയര്‍ന്നതായും വിപണി വൃത്തങ്ങള്‍ പറയുന്നു. ചെറിയ ഉള്ളി, സവാള, വെളുത്തുള്ളി എന്നിവയുടെ വിലക്കയറ്റം അടുക്കള ചെലവ് കൂട്ടുമെന്ന ആശങ്കയാണ് ഉപഭോക്താക്കള്‍ക്കുള്ളത്.
