Site icon Fourteen Kerala – 14 Kerala News

സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തും’; കോഴഞ്ചേരി പാലത്തിന്റെ അവകാശത്തർക്കം; വീണാ ജോർജിനെ പരിഹസിച്ച് അബിൻ വർക്കി എംഎൽഎ

പത്തനംതിട്ട: കോഴഞ്ചേരി പാലത്തിന്റെ അവകാശത്തേച്ചൊല്ലിയുള്ള തർക്കത്തിൽ മുൻ മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് അബിൻ വർക്കി എംഎൽഎ. പാലത്തിന്റെ നിർമാണത്തിന് ആദ്യം ഫണ്ട് അനുവദിച്ചത് ഉമ്മൻ ചാണ്ടി സർക്കാരാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

“അതുകൊണ്ട് ഇനിയെങ്കിലും ഈ നാടകം അവസാനിപ്പിച്ച് ഫോൺ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു” എന്നും അബിൻ വർക്കി കുറിച്ചു. “സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തും” എന്ന വാചകത്തോടെയാണ് പോസ്റ്റ് തുടങ്ങുന്നത്.

കോഴഞ്ചേരി പുതിയ പാലം ഉദ്ഘാടനത്തിൽ രാഷ്ട്രീയമില്ലാതിരിക്കണമെന്നത് തന്റെ വ്യക്തിപരമായ ആഗ്രഹമായിരുന്നുവെന്നും അബിൻ വർക്കി പറഞ്ഞു. അതിനാലാണ് പാലം പണിയാൻ ആദ്യം ഫണ്ട് അനുവദിച്ച സമയത്തെ എംഎൽഎ ശിവദാസൻ നായരെയും, നിർമാണഘട്ടത്തിലെ എംഎൽഎയായ വീണ ജോർജിനെയും ഉദ്ഘാടനത്തിന് ക്ഷണിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

ആഞ്ഞിലമൂട്ടിൽ കടവ് പാലം 2016ൽ ഉദ്ഘാടനം ചെയ്തപ്പോൾ അന്നത്തെ എൽഡിഎഫ് സർക്കാരും അന്നത്തെ എംഎൽഎയും ചേർന്നാണ് പരിപാടി നടത്തിയതെന്നും, അന്ന് പാലം പൂർത്തിയായ സമയത്തെ എംഎൽഎയായ ശിവദാസൻ നായരെ ക്ഷണിക്കുന്നതിൽ ആരും രാഷ്ട്രീയ മാന്യത കാണിച്ചില്ലെന്നും പോസ്റ്റിൽ പറയുന്നു. കേരളത്തിലെ മെട്രോ ഉൾപ്പെടെയുള്ള മറ്റു പദ്ധതികളുടെ ഉദ്ഘാടനത്തിലും ഇതേ രീതിയിലായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാലം തങ്ങളുടേതു മാത്രമാണെന്ന രീതിയിൽ ചിലർ അവകാശവാദവുമായി ഇറങ്ങിയെന്നും, താൻ നുണ പറയുകയാണെന്നുമുള്ള പ്രചാരണം നടന്നുവെന്നും അബിൻ വർക്കി ആരോപിച്ചു. 2012-13 ബഡ്ജറ്റിൽ, ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്തും കെ.എം മാണി ധനകാര്യ മന്ത്രിയായിരുന്ന സമയത്തുമാണ് ശിവദാസൻ നായരുടെ പ്രത്യേക ആവശ്യപ്രകാരം പാലത്തിന് ആദ്യമായി 2 കോടി രൂപ അനുവദിച്ചതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

GO(Rt) 354/2013/PWD/tvpm dtd 13-03-2013 പ്രകാരമാണ് 200 ലക്ഷം രൂപ അനുവദിച്ചതെന്നും, ഡ്രോയിങ്ങ്, അതിർത്തി നിർണയം, മണ്ണ് പരിശോധന എന്നിവയ്ക്കായാണ് ആ ഫണ്ട് ഉപയോഗിച്ചതെന്നും പോസ്റ്റിൽ പറയുന്നു. തുടർന്ന് കൂടുതൽ ഫണ്ടോടെ 2018ലാണ് പാലം പണി ആരംഭിക്കാൻ സാധിച്ചതെന്നും അബിൻ വർക്കി വിശദീകരിച്ചു.

Exit mobile version