Site icon Fourteen Kerala – 14 Kerala News

പാല്‍ വില ലിറ്ററിന് 10 രൂപ വര്‍ധിപ്പിക്കണമെന്ന് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍; സര്‍ക്കാരിന് കത്ത് നല്‍കും

തിരുവനന്തപുരം: പാല്‍ വില ലിറ്ററിന് 10 രൂപ വര്‍ധിപ്പിക്കണമെന്ന് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍. വില വര്‍ധന അനിവാര്യമാണെന്നും, ക്ഷീരകര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് അടുത്ത ദിവസം സര്‍ക്കാരിന് കത്ത് നല്‍കും.

വിലക്കയറ്റത്തിനിടെയാണ് സാധാരണക്കാര്‍ക്ക് വീണ്ടും ഇരുട്ടടി. ഇതുസംബന്ധിച്ച തീരുമാനം മേഖല യൂണിയന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് കൈക്കൊണ്ടത്. അടുത്ത ദിവസം തന്നെ സര്‍ക്കാരിന് ഔദ്യോഗികമായി കത്ത് നല്‍കും. ക്ഷീരകര്‍ഷകര്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് വിലവര്‍ധന ആവശ്യപ്പെടാന്‍ കാരണമായി മില്‍മ ചൂണ്ടിക്കാട്ടുന്നത്. കാലിത്തീറ്റയുടെ വില വര്‍ധിച്ചതോടെ ഉല്‍പാദനച്ചെലവ് കുത്തനെ ഉയര്‍ന്നു. നിലവിലെ പാല്‍വിലയില്‍ മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും കര്‍ഷകരെ സഹായിക്കാന്‍ വില വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നുമാണ് യൂണിയന്റെ നിലപാട്.

മില്‍മ തിരുവനന്തപുരം മേഖല യൂണിയനെ സര്‍ക്കാര്‍ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച ഭരണസമിതിക്ക് അനുകൂല ഉത്തരവ് ലഭിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഭാരവാഹികള്‍ വീണ്ടും ചുമതലയേറ്റത്. ഇതിന് പിന്നാലെ ചേര്‍ന്ന ആദ്യ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പാല്‍വില 10 രൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. അതിനിടെ അമൂല്‍ പാലിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലുള്ള പാലിന് ലിറ്ററിന് രണ്ട് രൂപ മുതല്‍ ആറ് രൂപ വരെയാണ് വര്‍ധിപ്പിച്ചത്.

Exit mobile version