Site icon Fourteen Kerala – 14 Kerala News

കുഞ്ഞിന്‍റെ കിഡ്നിയും കണ്ണുകളും ഓണ്‍ലൈനില്‍ വില്‍പനയ്ക്ക്; നാലുവയസ്സുകാരനെ കഴുത്തറുത്ത് കൊന്ന ബന്ധു പിടിയില്‍

നാലുവയസ്സുകാരനെ കൊലപ്പെടുത്തി വൃക്കകളും ശ്വാസകോശവും കണ്ണുകളും പുറത്തെടുത്ത് ഓൺലൈനിൽ വിൽക്കാൻ ശ്രമിച്ച ബന്ധു പിടിയിൽ. 27-കാരനായ പ്രതി വാസുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഛത്തീസ്ഗഡിലെ ജഷ്പൂർ ജില്ലയിലെ ലോധനപഥ് മഹുവ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഒരു വയലിലെ കുഴിയിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

നവംബർ 5-നാണ് കുട്ടിയെ കാണാതായത്. മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതാവ് രാംജീത് റാം നവംബർ 7-ന് സന്ന പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ജോലിക്കായി ഒരു വർഷം മുമ്പ് സന്ന ഗ്രാമത്തിലേക്ക് മാറിയ രാംജീതും കുടുംബവും ആമത്ചുവ അണക്കെട്ടിന് സമീപമുള്ള കുടിലിലാണ് താമസിച്ചിരുന്നത്.

ഇയാളുടെ അമ്മാവന്റെ മകനായ പ്രതി ഇവരുടെ വീട്ടിൽ സ്ഥിരമായി വരാറുണ്ടായിരുന്നു. ശനിയാഴ്ച കുടുംബാംഗങ്ങളോടൊപ്പം കുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ചോളപ്പാടത്തിന് സമീപമുള്ള വെള്ളം നിറഞ്ഞ കുഴിയിൽ പുതപ്പിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ചാക്കിലാക്കി ഭാഗികമായി കുഴിച്ചുമൂടിയ നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാസുദേവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ദിവസവേതന ജോലിയിൽ നിന്നുള്ള വരുമാനത്തിൽ സംതൃപ്തനല്ലാത്തതിനാൽ കൂടുതൽ പണമുണ്ടാക്കാൻ ആഗ്രഹിച്ചിരുന്നതായി ഇയാൾ പൊലീസിനോട് പറഞ്ഞു. സോഷ്യൽ മീഡിയയിൽ പെട്ടെന്ന് പണമുണ്ടാക്കാനുള്ള വഴികൾ പതിവായി തിരഞ്ഞിരുന്ന പ്രതി, കൊച്ചുകുട്ടികളുടെ അവയവങ്ങൾ വിൽക്കുക എന്ന ആശയത്തിലേക്കെത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

നവംബർ 5-ന് പ്രതി കുട്ടിയെ കൂടെക്കൂട്ടി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോകുകയും മദ്യം കുടിപ്പിക്കുകയും ചെയ്തു. കുട്ടി ലഹരിയിലായി ഉറങ്ങിപ്പോയപ്പോൾ ഇയാൾ കത്തി ഉപയോഗിച്ച് കഴുത്തറുത്തു കൊലപ്പെടുത്തി. തുടർന്ന് കുട്ടിയുടെ ശരീരം കീറി വൃക്കകളും ശ്വാസകോശവും കണ്ണുകളും പുറത്തെടുത്ത് ഒരു പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിക്കുകയായിരുന്നു.

പിന്നീട് മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് ചാക്കിലാക്കി വയലിലെ കുഴിയിൽ തള്ളി മണ്ണ് ഇട്ട് മൂടുകയായിരുന്നു. പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പുറത്തെടുത്ത ശരീരഭാഗങ്ങൾ അടങ്ങിയ പ്ലാസ്റ്റിക് ബക്കറ്റും മറ്റ് വസ്തുക്കളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Exit mobile version