Site icon Fourteen Kerala – 14 Kerala News

ദീപാവലിക്ക് വസ്ത്രം വാങ്ങിക്കാനെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങി; വഴിയരികിൽ രക്തത്തിൽ കുളിച്ച് വനിതാ ബോക്സിങ് താരത്തിന്റെ മൃതദേഹം, കാമുകനെതിരെ കുടുംബം

കാൻപുർ : ബോക്സിങ് താരവും ജിം പരിശീലകയുമായ യുവതിയെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ കാൻപുർ–പ്രയാഗ്‌രാജ് ദേശീയപാതയ്ക്ക് സമീപം വെള്ളിയാഴ്ചയാണ് രക്തത്തിൽ കുളിച്ച നിലയിൽ മൻതാഷ കുമാരിയുടെ (26) മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച പോസ്റ്റ്‌മോർട്ടം കേന്ദ്രത്തിലെത്തിയാണ് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞത്. ഉന്നാവിലെ ഗംഗാഘട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇഖ്‌ലാഖ് നഗർ സ്വദേശിനിയാണ് മരിച്ച മൻതാഷ. കൊലപാതകമാണെന്ന് ആരോപിച്ച കുടുംബം, മൻതാഷയുടെ കാമുകനെതിരെ രംഗത്തെത്തി.
കുടുംബാംഗങ്ങൾ പറയുന്നതനുസരിച്ച്, ദീപാവലിക്കുള്ള വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാങ്ങുന്നതിനായി വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് മൻതാഷ വീട്ടിൽനിന്ന് ഇറങ്ങിയത്. കാൻപുരിലെ ചകേരിയിലുള്ള ലാൽ ബംഗ്ലാ മാർക്കറ്റിലേക്കാണ് പോയത്.

എന്നാൽ പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. വൈകിട്ട് ഏഴുമണിയോടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായി. പല സ്ഥലങ്ങളിലും അന്വേഷിച്ചിട്ടും മൻതാഷയെ കണ്ടെത്താനാകാത്തതിനെ തുടർന്ന് ശനിയാഴ്ച കുടുംബം ഗംഗാഘട്ട് പൊലീസിൽ പരാതി നൽകി.

കാൻപുരിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ പോസ്റ്റ്‌മോർട്ടം കേന്ദ്രത്തിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ മഹാരാജ്പുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയപാതയിലെ മഹോലി കോൾഡ് സ്റ്റോറേജ് വളവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.മൂന്നു മക്കളിൽ ഏറ്റവും ഇളയവളായിരുന്നു മൻതാഷ. പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കിയ ശേഷമാണ് ബോക്‌സിങ്ങിലേക്ക് തിരിഞ്ഞത്. മുൻ ബോക്‌സറും സ്വർണമെഡൽ ജേതാവുമായ പിതാവിന്റെ കീഴിലായിരുന്നു പരിശീലനം.

സംസ്ഥാനതല മത്സരത്തിൽ സ്വർണമെഡൽ നേടിയ മൻതാഷ പിന്നീട് വിവിധ സ്ഥലങ്ങളിൽ ജിം പരിശീലകയായി ജോലി ചെയ്തു. മരണസമയത്ത് ജജ്മൗവിലെ ഫ്യൂഷൻ ഫിറ്റ് ജിമ്മിലായിരുന്നു ജോലി ചെയ്തിരുന്നത്.ഏകദേശം രണ്ടുമാസം മുൻപ് ഗർഭപാത്രത്തിൽ മുഴ കണ്ടെത്തിയതിനെ തുടർന്ന് മൻതാഷ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നെന്ന് പിതാവ് പറഞ്ഞു. തുടർചികിത്സയും വിശ്രമവും ആവശ്യമായതിനാൽ ഈ സമയത്ത് ജിമ്മിൽ പോയിരുന്നില്ല.കാണാതാകുന്നതിന് രണ്ടുദിവസം മുൻപാണ് വീണ്ടും പുറത്തുപോകാൻ തുടങ്ങിയത്. സാധാരണയായി സ്കൂട്ടറിലാണ് ലാൽ ബംഗ്ലാ മാർക്കറ്റിലേക്ക് പോയിരുന്നത്. എന്നാൽ ആരോഗ്യനില പൂർണമായി വീണ്ടെടുക്കാത്തതിനാൽ വ്യാഴാഴ്ച ഓട്ടോറിക്ഷയിലായിരുന്നു യാത്രയെന്നും പിതാവ് വ്യക്തമാക്കി.

ജിമ്മിൽ പരിശീലനത്തിനെത്തിയിരുന്ന ഒരു യുവാവുമായി മകൾ അടുപ്പത്തിലായിരുന്നെനന്ന് പ്രേം കുമാർ പൊലീസിനോട് പറഞ്ഞു. മൻതാഷ ആശുപത്രിയിലായിരുന്ന സമയത്ത് ഇയാൾ പലതവണ സന്ദർശിച്ചിരുന്നെന്നും പിതാവ് വെളിപ്പെടുത്തി. മകളുടെ മരണത്തിൽ ഇയാൾക്ക് പങ്കുണ്ടാകാമെന്നാണ് കുടുംബത്തിന്റെ സംശയം.

കുടുംബത്തിന്റെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉന്നാവ് സിറ്റി സർക്കിൾ ഓഫിസർ വിനി സിങ് അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് ശേഖരിക്കുന്ന തെളിവുകൾ, ഫൊറൻസിക് പരിശോധനാ ഫലങ്ങൾ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

Exit mobile version