Site icon Fourteen Kerala – 14 Kerala News

പെട്രോളില്‍ 31% എഥനോള്‍ കണ്ടെത്തിയെന്ന കര്‍ണാടകയുടെ വാദം തള്ളി എണ്ണക്കമ്പനികള്‍; പരിശോധനയില്‍ പിശകെന്ന് വാദം

ഡല്‍ഹി: പെട്രോളില്‍ 31% എഥനോള്‍ കണ്ടെത്തിയെന്ന കര്‍ണാടകയുടെ വാദം തള്ളി പൊതുമേഖല എണ്ണ കമ്പനികള്‍. ഇന്ത്യന്‍ ഓയിലും ഭാരത് പെട്രോളിയവും ഹിന്ദുസ്ഥാന്‍ പെട്രോളിയവുമാണ് സംയുക്ത പ്രസ്താവന ഇറക്കിയത്. സാമ്പിള്‍ ശേഖരണത്തിലും പരിശോധനയിലും മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് കമ്പനികളുടെ വാദം. അതിനിടെ രാജ്യത്ത് പെട്രോള്‍ കൊള്ള നടക്കുന്നുവെന്ന് വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്ത് എത്തി.

കര്‍ണാടക ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃ കാര്യ വകുപ്പിന് കീഴിലുള്ള ലീഗല്‍ മെട്രോളജി വകുപ്പ് ബെംഗളൂരു അര്‍ബന്‍, ബെംഗളൂരു റൂറല്‍, കോലാര്‍, ചിക്കബെല്ലാപുര, തുമകുരു, ദക്ഷിണ കന്നഡ ജില്ലകളില്‍ നിന്ന് ശേഖരിച്ച പെട്രോളില്‍ നിശ്ചിത 20% ത്തില്‍ ഉയര്‍ന്ന അളവില്‍ എത്തനോള്‍ അടങ്ങിയിട്ടുണ്ടെന്ന അവകാശവാദമാണ് കമ്പനികള്‍ തള്ളിയത്. പരിശോധനയില്‍ പിശകെന്നാണ് കമ്പനികളുടെ വാദം. കര്‍ണാടക ഒക്ടോബര്‍ മാസത്തില്‍ നടത്തിയ സാമ്പിളിങ്ങും ടെസ്റ്റിങ്ങും നിയമാനുസൃതം അല്ലെന്നും പുനഃ പരിശോധന വേണമെന്നും കമ്പനികള്‍ ആവശ്യപ്പെട്ടു. ഉയര്‍ന്ന അളവ് കണ്ടെത്തിയത് തേര്‍ഡ് പാര്‍ട്ടി ലാബുകളില്‍ ആണെന്നാണ് മറ്റൊരു വാദം.

എന്നാല്‍ കര്‍ണാടക പൊതുമേഖല എണ്ണ കമ്പനികളുടെ ഇന്‍ ഹൗസ് ലാബുകളില്‍ നല്‍കിയ സാമ്പിളുകളുടെ പരിശോധനാ ഫലത്തില്‍ നിന്ന് എത്തനോള്‍ അളവ് വെളിപ്പെടുത്താത്തതിന്റെ കാരണം കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല. പകരം 56 പരിശോധനകളില്‍ 19 മുതല്‍ 21 ശതമാനം വരെ ആയിരുന്നുവെന്ന വാദമാണ് മുന്നോട്ടുവയ്ക്കുന്നത്. അതിനിടെ രാജ്യത്ത് ഇ 20 തട്ടിപ്പ് നടക്കുന്നുവെന്ന് രാഹുല്‍ഗാന്ധി വിമര്‍ശിച്ചു. ജനങ്ങളില്‍നിന്ന് പെട്രോള്‍ കൊള്ളയടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരം പറയണമെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Exit mobile version