തിരുവനന്തപുരം: കിളിമാനൂർ കുറവൻകുഴിയിൽ കാറും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. കാർ ഡ്രൈവറായ പത്തനംതിട്ട റാന്നി സ്വദേശി ജിൻസണ് (36) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
റാന്നിയിൽ നിന്ന് യാത്രക്കാരുമായി തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന കാർ എതിർദിശയിൽ നിന്ന് വന്ന ട്രെയിലർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട സമയത്ത് ഡ്രൈവറെ കൂടാതെ രണ്ടുപേർ കൂടി കാറിലുണ്ടായിരുന്നുവെങ്കിലും ഇവർ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഗുരുതരമായി പരിക്കേറ്റ ജിൻസണെ ഉടനടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.
