Site icon Fourteen Kerala – 14 Kerala News

അഭിരാം കൊലക്കേസിൽ പുതിയ മൊഴി, ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നത് കൊലക്ക് കാരണമെന്ന് സുഹൃത്തുക്കൾ

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർത്ഥിയായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ പുതിയ വഴിത്തിരിവ്. കേസിലെ മൂന്നാം പ്രതിയായ ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതാണ് കൊലയ്ക്ക് കാരണമെന്നാണ് കൂട്ടുകാർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഒന്നാം പ്രതിയായ 17കാരന്റെ കാമുകിയാണ് ആനന്ദ. ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിറാമിന്റെ സുഹൃത്ത് ആണെന്ന് പ്രതിയും ആനന്ദയും വിശ്വസിച്ചതായും, പിന്നാലെ അഭിറാം വഴി ആ കുട്ടിയെ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ പദ്ധതിയിട്ടതായും മൊഴിയിൽ പറയുന്നു. കേസിലെ രണ്ടാം പ്രതിയായ ഉമറിന്റെ കാമുകി ഐശ്വര്യയോട് ഇക്കാര്യത്തിൽ പൊലീസ് വ്യക്തത തേടിയിട്ടുണ്ട്.

കേസിൽ ഐശ്വര്യയും അറസ്റ്റിലായിരുന്നു. 17കാരനെയും ആനന്ദയെയും കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഇതിനെക്കുറിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥർ ആലോചിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലവും ബന്ധങ്ങളും വ്യക്തമാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

അതേസമയം, അഭിറാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് നിരവധി ചാറ്റുകൾ അപ്രത്യക്ഷമായതായി സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്. ചാറ്റുകൾ എങ്ങനെയാണ് ഡിലീറ്റ് ചെയ്യപ്പെട്ടതെന്ന് പരിശോധിച്ചുവരികയാണ്. അഭിറാം കൊല്ലപ്പെടുന്നതിന് തലേദിവസം മറ്റൊരു സംഘം കുട്ടിയെ തടഞ്ഞുവയ്ക്കുന്നതിന്റെയും തർക്കിക്കുന്നതിന്റെയും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അഭിറാമിന്റെ കൂട്ടുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ച വീഡിയോയാണ് പൊലീസിന് ലഭിച്ചത്. വീഡിയോയിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പാങ്ങപ്പാറ സംഗീത നഗർ നേതാജി ലെയിനിൽ വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവറായ മധുവിന്റെയും ധർമ്മജയുടെയും മകനാണ് അഭിറാം. എം.ജി. കോളജിന് സമീപം എൻ.എസ്.എസ് ഹയർസെക്കഡറി സ്‌കൂളിലെ ഒന്നാംവർഷ ഹ്യുമാനിറ്റിസ് വിദ്യാർത്ഥിയായിരുന്നു.

Exit mobile version