Site icon Fourteen Kerala – 14 Kerala News

ആലപ്പുഴയെ വീഴ്ത്തി സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തൃശ്ശൂരിന് കിരീടം

കൽപ്പറ്റ: ആലപ്പുഴയെ വീഴ്ത്തി സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തൃശ്ശൂരിന് കിരീടം. ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു തൃശ്ശൂരിന്റെ വിജയം. ആദ്യ വിസിൽ മുതൽ തന്നെ ഫൈനലിന്റെ ആവേശം മൈതാനത്ത് നിറഞ്ഞു. 17 മിനിറ്റിൽ മനോജ് മഞ്ജുനാഥ് ആലപ്പുഴയുടെ വലകുലുക്കി. രണ്ടാം പകുതിയിലും ആലപ്പുഴ ശക്തമായ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും തൃശ്ശൂരിന്റെ പ്രതിരോധം മറികടന്ന് സമനില ഗോൾ കണ്ടെത്താനായില്ല.

68 മിനിറ്റിൽ പ്രതിരോധ താരത്തിന്റെ പിഴവ് മുതലാക്കി മുഹമ്മദ് നിയാസിലൂടെ തൃശ്ശൂർ രണ്ടാമത്തെ ഗോളും നേടി. മത്സരത്തിന്റെ നിർണായക ഘട്ടങ്ങളിൽ അവസരങ്ങൾ കൃത്യമായി വിനിയോഗിച്ച തൃശ്ശൂർ വിജയത്തിലേക്ക് മുന്നേറുകയായിരുന്നു. കിരീടപ്പോരാട്ടത്തിൽ അവസാന നിമിഷം വരെ പൊരുതിയ ആലപ്പുഴയുടെ പ്രകടനവും ശ്രദ്ധേയമായി. ലൂസേഴ്സ് ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് എറണാകുളം ഇടുക്കിയെ തോൽപ്പിച്ചു. 15 മിനിറ്റിൽ കെ എസ് അജ്മൽ ഖാജ, 56 മിനിറ്റിൽ കെ ഇ അൽഫാസ് എന്നിവരാണ് ഗോൾ നേടിയത്.

Exit mobile version