Site icon Fourteen Kerala – 14 Kerala News

മരണത്തിനും മായ്ക്കാനാവാത്ത നന്മ; എട്ട് പേര്‍ക്ക് പുതുജീവനേകാന്‍ രുദ്രേഷ്, ബൈക്ക് അപകടത്തില്‍ മരിച്ച 17കാരന്റെ ഹൃദയമുള്‍പ്പടെ അവയവങ്ങള്‍ ദാനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയദാനം. ബൈക്ക് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 17 വയസ്സുകാരന്റെ ഹൃദയമുള്‍പ്പടെ എട്ട് അവയവങ്ങള്‍ ദാനം ചെയ്യും. തിരുവനന്തപുരം കരമന സ്വദേശി പ്ലസ് ടു വിദ്യാര്‍ത്ഥിയായ രുദ്രേഷ് എസ് ആറിന്റെ ഹൃദയമാണ് എറണാകുളത്തേക്ക് എത്തിക്കുന്നത്.

തിരുവനന്തപുരം പി ആര്‍ എസ് ആശുപത്രിയില്‍ നിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്കാണ് ഹൃദയം കൊണ്ടുപോകുന്നത്. ആശുപത്രിയില്‍ ചികിത്സയിലുള്ള 43 വയസുകാരനാണ് ഹൃദയം സ്വീകരിക്കുന്നത്. രാവിലെ 9 മണിയോടെ ഹൃദയവുമായി തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റര്‍ പുറപ്പെടും.

തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് കരമന കിള്ളിപ്പാലത്തുണ്ടായ ബൈക്ക് അപകടത്തില്‍ രുദ്രേഷ് മരിച്ചത്. യാത്രയ്ക്കിടെ നായ കുറുകെ ചാടിയതോടെ ബൈക്കിന്റെ നിയന്ത്രണം വിട്ടതാണ് അപകട കാരണം. കൂട്ടുകാരനാണ് ബൈക്ക് ഓടിച്ചിരുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെയോടെ രുദ്രേഷിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.

സുരേഷ് ബി – രമ്യാദേവി ദമ്പതികളുടെ മകനാണ് രുദ്രേഷ്. ഹൃദയം ഉള്‍പ്പെടെ എട്ട് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. വൃക്കകളില്‍ ഒന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും മറ്റൊരു വൃക്കയും പാന്‍ക്രിയാസും കരളും കിംസ് ആശുപത്രിയിലേക്കും നേത്രപടലങ്ങള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കുമാണ് നല്‍കുന്നത്.

Exit mobile version