Site icon Fourteen Kerala – 14 Kerala News

കാട്ടാക്കടയിൽ കൂറ്റൻ പാറ ഉരുണ്ടുവീണ് കിണർ തകർന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: കാട്ടാക്കടയ്ക്ക് സമീപം പനയംകോട് പുരയിടത്തിൽ നിന്ന് കൂറ്റൻ പാറ ഉരുണ്ടുവീണ് കിണർ പൂർണമായി തകർന്നു. കട്ടക്കോട് സ്വദേശി ബിനുവിന്റെ വീടിന് പുറകുവശത്തെ ഉയർന്ന പുരയിടത്തിൽ നിന്നാണ് വലിയ പാറ താഴേക്ക് പതിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

വലിയ ശബ്ദത്തോടെ പാറ പതിച്ചതിനെ തുടർന്ന് കിണർ പൂർണമായും ഇടിഞ്ഞു താഴുകയായിരുന്നു. അപകട സമയത്ത് വീടിന് പുറത്ത് ആരും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. പാറ അൽപം കൂടി മുന്നോട്ട് ഉരുണ്ട് വന്നിരുന്നെങ്കിൽ വീട് പൂർണമായി തകരുമായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവ സമയത്ത് ബിനുവും കിടപ്പുരോഗിയായ അമ്മയും അച്ഛനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

ബിനുവിന്റെ കുടുംബവും സമീപവാസികളും കുടിവെള്ളത്തിനായി പ്രധാനമായും ആശ്രയിച്ചിരുന്ന കിണറാണ് ഈ അപകടത്തിൽ തകർന്നത്. വിവരമറിഞ്ഞ് തദ്ദേശ പഞ്ചായത്ത് അംഗം സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. അപകടം നടന്ന സ്ഥലത്തിന് തൊട്ടുമുകളിലായി മറ്റൊരു വലിയ പാറ ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിൽ അപകടനിലയിൽ നിൽക്കുകയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. തുടർന്നുള്ള അപകട സാധ്യത മൂലം വലിയ ഭീതിയിലാണ് നിലവിൽ ഈ കുടുംബവും പ്രദേശവാസികളും കഴിയുന്നത്.

Exit mobile version