സ്പെയിനിലെ പ്രശസ്തമായ പ്രിന്‍സസ് ഓഫ് അസ്റ്റൂറിയസ് അവാര്‍ഡ് നേടുന്ന ആദ്യത്തെ ഫുട്ബോള്‍ കളിക്കാരനായി മാറിയിരിക്കുകയാണ് അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സി. വടക്കന്‍ സ്പാനിഷ് നഗരമായ ഒവീഡോയില്‍ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ 2026 ലെ ബഹുമതി താരം ഏറ്റുവാങ്ങി. കാമ്പോമോര് തിയേറ്ററില്‍ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങില്‍ ലിയോനര്‍ രാജകുമാരിയില്‍ നിന്നാണ് മെസി അവാര്‍ഡ് സ്വീകരിച്ചത്. സ്പെയിന് രാജാവ് ഫെലിപ്പ് ആറാമനും രാജ്ഞി ലെറ്റിസിയ രാജ്ഞിയും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. മെസിയുടെ കായിക നേട്ടങ്ങള്‍ക്ക് പുറമെ അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടി കണക്കിലെടുത്തായിരുന്നു ആദരവ്.
ജൂണ്‍ മൂന്നിനായിരുന്നു അവാര്‍ഡ് പ്രഖ്യാപനം. അദ്ദേഹത്തിന്റെ വിനയം, ടീം വര്‍ക്ക്, ഫെയര്‍ പ്ലേ എന്നിവയുള്‍പ്പെടെ ഘടകങ്ങള്‍ അവാര്‍ഡ് പ്രഖ്യാപിക്കുന്നതിനായി വിലയിരുത്തിയിരുന്നു. വ്യക്തിഗത അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഫുട്ബോള്‍ കളിക്കാരന് മെസ്സിയാണെങ്കിലും പ്രിന്‍സസ് ഓഫ് അസ്റ്റൂറിയസ് അവാര്‍ഡ് മുമ്പ് കായികരംഗത്തെ നിരവധി പേര് സ്വന്തമാക്കിയിരുന്നു. മുന്‍ ബാഴ്സലോണ ടീമംഗം സാവി ഹെര്‍ണാണ്ടസും സ്പാനിഷ് ഗോള്‍കീപ്പര്‍ ഇക്കര്‍ കാസില്ലസും 2012 ല്‍ സംയുക്തമായി ബഹുമതി സ്വകീകരിച്ചിരുന്നു. ബ്രസീലിന്റെ ദേശീയ ഫുട്ബോള്‍ ടീമിനെ 2002 ല്‍ അഞ്ചാം ലോകകപ്പ് കിരീടം നേടിയതിന് ശേഷം പ്രിന്‍സസ് ഓഫ് അസ്റ്റൂറിയസ് ആവര്‍ഡ് നല്‍കിയിരുന്നു.
