Site icon Fourteen Kerala – 14 Kerala News

കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനോ …? ‘ജീപ്പിലേക്ക് വലിച്ചെറിഞ്ഞു, ബൂട്ടിട്ട് ചവിട്ടി’; വർക്കലയിൽ പതിനേഴുകാരന് പൊലീസ് ക്രൂരമർദ്ദനമെന്ന് പരാതി

തിരുവനന്തപുരം: വർക്കലയിൽ പതിനേഴുകാരനായ ഹോട്ടൽ ജീവനക്കാരന് പൊലീസിന്റെ ക്രൂരമർദ്ദനമേറ്റതായി പരാതി. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ബലമായി ജീപ്പിൽ കയറ്റിക്കൊണ്ടുപോയി ബൂട്ടിട്ട് ചവിട്ടുകയും കഴുത്തിന് അടിച്ചതായും പരാതിയിൽ പറയുന്നു. വർക്കല ചാലുവിള കനാൽ പുറമ്പോക്കിൽ താമസിക്കുന്ന മുഹമ്മദ് റഹാനാണ് (17) പൊലീസിന്റെ മർദ്ദനമേറ്റ് ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ളത്. സംഭവത്തിൽ വർക്കല എസ്.ഐ ആഷിൽ രവി ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ വർക്കല ഡിവൈഎസ്പിക്കും ചൈൽഡ് ലൈനിനും കുട്ടി നൽകിയ കുടുംബം പരാതി നൽകി.

വർക്കല ആയുർവേദ ആശുപത്രിക്കടുത്തുള്ള ‘മാസാ മന്തി’ എന്ന കടയിലാണ് റഹാൻ ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ അടിപിടി കേസുമായി ബന്ധപ്പെട്ട് ഇതേ ഹോട്ടലിലെ മറ്റൊരു തൊഴിലാളിയായ അജ്മലിനെ അന്വേഷിച്ചാണ് വർക്കല എസ്.ഐ ആഷിൽ രവിയും സംഘവും എത്തിയത്. അജ്മലിനെ കാണാതായതോടെ, പൊലീസുകാർ വരുന്ന വിവരം അജ്മലിന് റഹാൻ ചോർത്തി നൽകിയെന്ന് ആരോപിച്ച് പൊലീസ് സംഘം റഹാന് നേരെ തിരിയുകയായിരുന്നു.

കടയിൽ വെച്ചുതന്നെ റഹാനെ എസ്.ഐ ബൂട്ടിട്ട് ചവിട്ടുകയും കഴുത്തിന് ഇടിക്കുകയും ചെയ്തു. തുടർന്ന് മറ്റൊരു പൊലീസുകാരൻ കുട്ടിയെ ജീപ്പിലേക്ക് വലിച്ചെറിയുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മർദ്ദനം തുടരുകയും ചെയ്തു. ബി.പിയുടെ ബുദ്ധിമുട്ടും ആരോഗ്യപ്രശ്നങ്ങളുമുണ്ടെന്നും 17 വയസ്സ് മാത്രമാണ് പ്രായമെന്നും പറഞ്ഞപ്പോൾ വീണ്ടും കരണത്തടിച്ചതായി റഹാൻ പറഞ്ഞു.

പിന്നീട് സ്റ്റേഷനിലെത്തിച്ചപ്പോൾ കുട്ടി ചോര ഛർദിച്ചു. “പ്രതികളെ കിട്ടിയില്ലെങ്കിൽ നിന്നെയും പ്രതിയാക്കും. അല്ലെങ്കിൽ നിന്റെ ഉമ്മയെയും ബാപ്പയെയും പ്രതിയാക്കും” എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് സ്റ്റേഷനിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയാണ് വിവരം കുട്ടിയുടെ വീട്ടിൽ അറിയിച്ചത്. എന്നാൽ മാതാപിതാക്കൾ എത്തുന്നതിന് തൊട്ടുമുമ്പ് സമീപത്തെ ജ്യൂസ് കടയിൽ കുട്ടിയെ ഉപേക്ഷിച്ച് പൊലീസുകാർ കടന്നു കളയുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ റഹാന്റെ കാൽ പ്ലാസ്റ്ററിട്ടിരിക്കുകയാണ്. മർദ്ദനത്തിന്റെ പാടുകൾ ദേഹമാസകലമുണ്ട്. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ മറ്റാർക്കും നൽകരുതെന്ന് ഭീഷണിപ്പെടുത്തിയ പൊലീസ്, ഈ ദൃശ്യങ്ങൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകുമെന്ന് റഹാന്റെ കുടുംബം വ്യക്തമാക്കി.

Exit mobile version