ചെന്നൈ: തമിഴ്‌നാട്ടിൽ മഴ ശക്തമായതോടെ നീലഗിരി ജില്ലയിൽ കനത്ത നാശനഷ്ടം. കഴിഞ്ഞ 24 മണിക്കൂറിനിടെ നീലഗിരിയിൽ 200 മില്ലിമീറ്റർ വരെ മഴയാണ് രേഖപ്പെടുത്തിയത്. മേട്ടുപ്പാളയം–കൂനൂർ മലയോര പാതയിൽ പത്തിലധികം ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. മഴയെ തുടർന്ന് ഊട്ടി, കൂനൂർ, കോത്തഗിരി, കുന്ദ, ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
പെരുമ്പള്ളത്ത് മഞ്ജൂർ–കോയമ്പത്തൂർ റോഡിലേക്ക് വലിയ പാറക്കല്ല് പതിച്ച് ഗതാഗതം തടസ്സപ്പെട്ടു. ഹൈവേസ് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാറ നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവങ്ങളിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കണക്കുകൾ പ്രകാരം കീഴ് കോത്തഗിരിയിൽ 200 മില്ലിമീറ്ററും കൂനൂർ റൂറലിൽ 75 മില്ലിമീറ്ററും അപ്പർ ഗൂഡല്ലൂരിൽ 33 മില്ലിമീറ്ററും പോർത്തിമുണ്ടിൽ 27 മില്ലിമീറ്ററും മഴ ലഭിച്ചു.
തുടർച്ചയായ മഴയിലും വിവിധ ഇടങ്ങളിലെ മണ്ണിടിച്ചിലിലും മേട്ടുപ്പാളയത്തിനും കൂനൂരിനുമിടയിലുള്ള മലമ്പാതയിലെ ഹിൽഗ്രോവ് സ്റ്റേഷനു മുൻപിലും മണ്ണിടിഞ്ഞു. ഇതേതുടർന്ന് മേട്ടുപ്പാളയം – കൂനൂർ ട്രെയിൻ സർവീസ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ തിരുനെൽവേലി, കന്യാകുമാരി, കോയമ്പത്തൂർ, നീലഗിരി, തേനി ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് നിരവധി ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
