Site icon Fourteen Kerala – 14 Kerala News

സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന…! ഇലക്ട്രിക് സ്കൂട്ടറിലും ചാക്കുകളിലുമായി ഒളിപ്പിച്ച 4,680 പാക്കറ്റുകളുമായി സ്റ്റേഷൻ റൗഡി പിടിയിൽ

തൃശൂർ: കുട്ടികളെ ലക്ഷ്യമിട്ട് നിരോധിത ലഹരി വസ്തുക്കളുടെ വിൽപന നടത്തിവന്ന കുപ്രസിദ്ധ കുറ്റവാളി പിടിയിൽ. സ്കൂൾ വിദ്യാർത്ഥികൾക്കും 18 വയസ്സിൽ താഴെയുള്ളവർക്കും നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചുനൽകിയിരുന്ന സംഘത്തിലെ പ്രധാനിയും സ്റ്റേഷൻ റൗഡിയുമായ വലപ്പാട് കോതകുളം വലിയകത്ത് വീട്ടിൽ ദിലീപ് (54) ആണ് എക്സൈസിന്റെ പിടിയിലായത്.

വാടാനപ്പള്ളി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജീവ് വി.ആറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പ്രതിയുടെ വീട്ടിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങളുടെ വൻശേഖരം കണ്ടെടുത്തത്. വീടിനുള്ളിൽ ചാക്കുകളിൽ ഒളിപ്പിച്ച നിലയിലും, പ്രതി സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ സീറ്റിനടിയിലുമായി സൂക്ഷിച്ചിരുന്ന 4,680 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

തുടർന്ന് പ്രതിയെയും പിടിച്ചെടുത്ത മുഴുവൻ സാമഗ്രികളും എക്സൈസ് സംഘം വലപ്പാട് പോലീസിന് കൈമാറി. കുട്ടികൾക്കിടയിലെ ലഹരിവസ്തുക്കളുടെ വ്യാപനം കർശനമായി തടയുന്നതിന്റെ ഭാഗമായി, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version