നെടുമ്പാശേരി : എറണാകുളം നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ദാരുണമായ മിനി കൂപ്പർ അപകടത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അപകടസമയത്ത് പ്രതി വാഹനം ഓടിച്ചിരുന്നത് മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിലായിരുന്നുവെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വെറും 11 സെക്കൻഡിനുള്ളിൽ കാർ അര കിലോമീറ്റർ ദൂരം പിന്നിട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പ്രധാന പ്രതിയായ സുഹൈലും കൂട്ടുപ്രതികളും ചേർന്ന് വാഹനം അമിതവേഗതയിൽ പായുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു. അപകടം നടക്കുന്നതിന് കൃത്യം അഞ്ച് സെക്കൻഡ് മുമ്പ് പകർത്തിയ നിർണായക ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളിൽ ഒരാളായ ജോയലിന്റെ ഫോണിൽ നിന്നാണ് അന്വേഷണ സംഘം ഈ ദൃശ്യങ്ങൾ കണ്ടെടുത്തത്.
കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി പോലീസ് ഫോൺ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. അപകടത്തിന്റെ ആഘാതവും അമിതവേഗതയും തെളിയിക്കുന്ന നിർണായക തെളിവായി ഈ ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിക്കും.
