Site icon Fourteen Kerala – 14 Kerala News

കടലമ്മ കലിപ്പിലാണ്, തിരമാലകൾ ആഞ്ഞടിച്ചേക്കും…! കടലാക്രമണ മുന്നറിയിപ്പ്: തിരുവനന്തപുരം, കന്യാകുമാരി തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലും കന്യാകുമാരി തീരത്തും അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരത്ത് കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ ഇന്ന് രാവിലെ 11.30 മുതൽ നാളെ രാത്രി 11.30 വരെ 0.8 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ അടിക്കാൻ സാധ്യതയുണ്ട്.

ഇത് ശക്തമായ കടലാക്രമണത്തിന് കാരണമായേക്കുമെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇതിനുപുറമെ, കന്യാകുമാരി തീരത്തും നാളെ വൈകുന്നേരം 5.30 വരെ സമാന രീതിയിൽ 0.9 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. സുരക്ഷ മുൻനിർത്തി കടലിലിറങ്ങുന്നതിനും തീരപ്രദേശങ്ങളിൽ വിനോദങ്ങളിൽ ഏർപ്പെടുന്നതിനും പൂർണ്ണവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ജാ​ഗ്രതാ നിർദേശം

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
  3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
  4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
  5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
  7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.
Exit mobile version