സോക്കര്‍ ലോകത്തെ ഏറ്റവും മികച്ച താരത്തെ കണ്ടെത്തുന്നതിനുള്ള ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഈ വര്‍ഷത്തെ പുരസ്‌കാരം ആര്‍ക്ക് എന്നതിനെചൊല്ലിയുള്ള ചര്‍ച്ചകള്‍ സാമൂഹിക മാധ്യമങ്ങളിലും മറ്റും കൊഴുക്കുകയാണ്. ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍, അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സി, കൗമാര സ്പാനിഷ് പ്രതിഭ ലാമിന്‍ യമല്‍ എന്നിവരാണ് ഇത്തവണ പുര്‌സകാരം നേടാന്‍ സാധ്യത കല്‍പ്പിക്കുന്നവരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ബാലണ്‍ ഡി ഓര്‍ വിന്നര്‍ എന്നത് പ്രവചനാതീതമാണ്.
മൂന്ന് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രധാനമായും പുരസ്‌കാരം നല്‍കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു. വ്യക്തിഗത പ്രകടനങ്ങള്‍, നിര്‍ണ്ണായകവും ആകര്‍ഷകവുമായ സ്വഭാവം എന്നിവയാണ് ആദ്യത്തേത്. കൂട്ടായ പ്രകടനങ്ങളും കിരീട നേട്ടവും എന്നതാണ് രണ്ടാമത്തെ മാനദണ്ഡം. ആകര്‍ഷകമായ കേളിപാടവവും ഫെയര്‍ പ്ലേയുമാണ് മൂന്നാമത്തെ മാനദണ്ഡം. 2025 ഓഗസ്റ്റ് മൂന്ന് മുതല്‍ 2026 ജൂലൈ 19 വരെയുള്ള മത്സരങ്ങളില്‍ താരങ്ങളുടെ പ്രകടനം വിലയിരുത്തിയാണ് ചുരുക്കപ്പട്ടിക തയ്യാറാക്കുന്നത്. 2026 ലെ ലോകകപ്പ് ഫൈനല്‍ വരെയുള്ള പ്രകടനങ്ങള്‍ വിലയിരുത്തപ്പെടും.
എട്ട് തവണ പുരസ്‌കാരം നേടിയ അര്‍ജന്റീനിയന്‍ ഐക്കണായ മെസ്സി, ഫ്രഞ്ച് താരം ഉസ്മാന്‍ ഡെംബെലെ, 2024 വിജയി, സ്പാനിഷ് മിഡ്ഫീല്‍ഡര്‍ റോഡ്രി എന്നിങ്ങനെ മൂന്ന് മുന്‍ വിജയികളാണ് 30 താരങ്ങളടങ്ങിയ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്.
