ആലപ്പുഴ: കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടുവയസുകാരൻ മരിച്ച സംഭവത്തിൽ ദുരൂഹത. മുൻപ് താമസിച്ച സ്ഥലത്ത് കാവിന്റെ ദോഷമുണ്ടെന്നും ഇതിന്റെ ഫലമായി കുടുംബത്തിൽ മരണം സംഭവിക്കുമെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നുവെന്നും, ഇതാണ് രാഹുലിന്റെ മരണത്തിന് കാരണമെന്നുമാണ് പിതാവ് രാജേഷിന്റെ വാദം. എന്നാൽ കുട്ടി ഒന്നും കഴിക്കാൻ കൂട്ടാക്കിയിരുന്നില്ലെന്നും രാജേഷ് അവകാശപ്പെടുന്നു.
രാജേഷ് – താര ദമ്പതികളുടെ ആറാമത്തെ കുട്ടിയായിരുന്നു മരിച്ച രാഹുൽ. സഹോദരിമാരും അടുത്തിടെ ജനിച്ച നവജാതശിശുവും അടക്കം അഞ്ചുപേരാണ് ഇനി ശേഷിക്കുന്നത്. ഇവരുടെ മറ്റൊരു കുഞ്ഞ് നേരത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നുവെന്നും, കയ്യിൽ നിന്ന് വീണ് മരിച്ചതാണെന്നാണ് അന്ന് അമ്മ താര പറഞ്ഞതെന്നും നാട്ടുകാർ പറയുന്നു. അന്നത്തെ മരണമോ സംസ്കാരമോ ആരോടും അറിയിച്ചിരുന്നില്ലെന്നും എല്ലാം രഹസ്യമായിരുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു.
ഓട്ടോ ഡ്രൈവറായ രാജേഷോ താരയോ കുട്ടികളെ നോക്കിയിരുന്നില്ലെന്നും കൃത്യമായി ഭക്ഷണം നൽകിയിരുന്നില്ലെന്നും അയൽവാസികൾ വ്യക്തമാക്കുന്നു. ഐ.സി.ഡി.എസ് പ്രവർത്തകർ കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ എത്തിയപ്പോൾ താര ആത്മഹത്യാ ഭീഷണി മുഴക്കിയതായി പഞ്ചായത്തംഗവും വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളുടെ ജനന സർട്ടിഫിക്കറ്റോ വാക്സിനേഷൻ എടുത്തതിന്റെയോ യാതൊരുവിധ രേഖകളും മാതാപിതാക്കളുടെ കൈവശമില്ല.
നിരവധി തവണ നാട്ടുകാരും പൊതുപ്രവർത്തകരും ഇടപെട്ടിട്ടും കുട്ടികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ ഇരുവരും തയ്യാറായിരുന്നില്ല. ഈ മാസം ആറിന് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരെത്തി കുട്ടികളെ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ, പൂർണഗർഭിണിയായിരുന്ന താര വാഹനത്തിന് മുന്നിലേക്ക് കയറിക്കിടന്ന് പ്രതിഷേധിക്കുകയാണുണ്ടായത്.
ഒടുവിൽ ശിശുക്ഷേമ സമിതിയിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഈ കുട്ടികളെ ഇനി മാതാപിതാക്കൾക്ക് തിരികെ നൽകരുതെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം. മരിച്ചുപോയ രാഹുലിനെ മാതാപിതാക്കൾ ഒരുതരത്തിലും പരിചരിച്ചിരുന്നില്ലെന്നും മൂത്ത പെൺകുട്ടികളാണ് കുട്ടിയെ നോക്കിയിരുന്നതെന്നും അയൽവാസികൾ പറയുന്നു.
വൈകുന്നേരം രാജേഷ് എത്തി നൽകുന്ന അൽപ്പം പശുവിൻപാൽ മാത്രമാണ് പലപ്പോഴും കുട്ടികളുടെ ആകെ ഭക്ഷണം. മുൻപ് ഇവർ താമസിച്ചിരുന്ന സ്ഥലത്തും സമാനമായ സാഹചര്യമുണ്ടായപ്പോൾ നാട്ടുകാർ ഇടപെട്ട് കുട്ടികളെ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റിയിരുന്നു. എന്നാൽ അവിടെയെത്തിയ താര രാജേഷിന്റെ അടുത്തുപോകണമെന്ന് വാശിപിടിക്കുകയും,ഒടുവിൽകുട്ടികളുമായിഅവിടെനിന്ന്ഇറങ്ങിപ്പോരുകയുമായിരുന്നുവെന്നും നാട്ടുകാർ വെളിപ്പെടുത്തുന്നു.
