Site icon Fourteen Kerala – 14 Kerala News

മുഹമ്മദ് റിയാസിനെതിരായ ഹവാല ആരോപണം; അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കാൻ ഇഡി, പണമിടപാടുകളുടെ രേഖകൾ തേടും

കൊച്ചി: മുഹമ്മദ് റിയാസിനെതിരായ ഇഡി കേസിൽ ഹവാല ഇടപാടുകളുടെ വിവരങ്ങൾ ദുബായിൽ നിന്ന് ശേഖരിക്കാൻ ഇഡി. ഇതിനായി ലെറ്റേഴ്സ് റൊഗറ്റോറി കൈമാറും. ദുബായിലെ പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിച്ച് കൈമാറാനാണ് ലെറ്റേഴ്സ് റൊഗറ്റോറി നൽകുന്നത്.

കൊച്ചി പിഎംഎൽഎ കോടതി അനുമതി വാങ്ങിയ ശേഷമായിരിക്കും നടപടി. അനധികൃത സ്വത്ത് സമ്പാദനം, വിദേശ പണമിടപാട് എന്നിവയിലാണ് മുഹമ്മദ് റിയാസിനെതിരെ നിലവിലെ ഇ.സി.ഐ.ആർ ചുമത്തിയിരിക്കുന്നത്.എന്നാല്‍ ഇതിന് എക്സാലോജിക് ഇടപാടുമായി നേരിട്ട് ബന്ധമില്ലെന്നാണ് വ്യക്തമാകുന്നത്. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് ആകെ മൂന്ന് ഇ.സി.ഐ.ആർ കേസുകളാണുള്ളത്.

സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടിയുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണത്തിനായി രണ്ട് പ്രത്യേക സംഘങ്ങളെ (എസ്.ഐ.ടി) വിജിലന്‍സ് ഡയറക്ടര്‍ ഔദ്യോഗികമായി രൂപവത്കരിച്ച് ഉത്തരവിട്ടിട്ടുണ്ട്.

വിജിലന്‍സ് ആസ്ഥാനത്തെ ഡി.ഐ.ജി തോംസണ്‍ ജോസിനാണ് ഈ സമഗ്രമായ അന്വേഷണത്തിന്റെ മുഴുവന്‍ മേല്‍നോട്ട ചുമതലയും നല്‍കിയിട്ടുള്ളത്. പിണറായി വിജയന്‍ ഒന്നാം പ്രതിയായ കേസിന്റെ അന്വേഷണം തിരുവനന്തപുരം സ്പെഷല്‍ യൂനിറ്റ് എസ്.പി ഇ.എന്‍ സുരേഷിനാണ് നല്‍കിയിരിക്കുന്നത്.

അതേസമയം, പി.എ. മുഹമ്മദ് റിയാസിന്റെ കേസിന്റെ അന്വേഷണ ചുമതല വിജിലന്‍സ് കോഴിക്കോട് സ്പെഷല്‍ സെല്‍ എസ്.പി ബാലകൃഷ്ണനാണ് നല്‍കിയിട്ടുള്ളത്. സംസ്ഥാന ഡി.ജി.പിക്ക് ഇ.ഡി കൈമാറിയ ഔദ്യോഗിക കത്ത് പ്രകാരം രണ്ടു കാലഘട്ടങ്ങളിലായി നടന്ന വ്യത്യസ്ത സാമ്പത്തിക ആരോപണങ്ങളായതിനാലാണ് വിജിലന്‍സ് ഇത്തരത്തില്‍ രണ്ടു കേസുകള്‍ വെവ്വേറെ രജിസ്റ്റര്‍ ചെയ്തത്.

ഇതിന്റെ എഫ്.ഐ.ആറുകള്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version