Site icon Fourteen Kerala – 14 Kerala News

നൂഡിൽസ് കഴിച്ചതിന് പിന്നാലെ ദുരന്തമോ? ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം

ദില്ലി: ഗ്രേറ്റർ നോയിഡയിൽ മൂന്നു കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മഹേഷ് (37), ഭാര്യ ലളിത (35), മക്കളായ ലദ്ദു (11), മിഷ്തി (ഏഴ്), സക്ഷത് (മൂന്ന്) എന്നിവരാണ് മരിച്ചത്. ഭക്ഷ്യവിഷബാധ ആണ് അഞ്ചംഗ കുടുംബത്തിൻ്റെ മരണകാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ശനിയാഴ്ച രാവിലെ ആണ് രബുപുര മേഖലയിലെ നഗ്ല ശ്രീ പാദം ഗ്രാമത്തിലുള്ള വീട്ടിൽ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞതിനെ തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥരടക്കം പൊലീസും ആംബുലൻസും ഭക്ഷ്യസുരക്ഷാ വിഭാഗവും സ്ഥലത്തെത്തി.

സംഭവസ്ഥലം പരിശോധിച്ച ഫൊറൻസിക്, പൊലീസ് സംഘം, കുടുംബത്തിൻ്റെ മരണകാരണം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി സാമ്പിളുകളും ശേഖരിച്ചു.
പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മഹേഷും കുടുംബവും രാത്രിയിൽ ന്യൂഡിൽസ് കഴിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അയൽവാസികളും മഹേഷിന്റെ മാതാവുമാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്.

മരണപ്പെട്ടവരുടെ വായിൽ നിന്ന് നുരയും പതയും വന്ന നിലയിലാണ്. പ്രാഥമിക അന്വേഷണത്തിൽ ഭക്ഷ്യവിഷബാധയിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് പൊലീസ് അറിയിച്ചു. എന്നാൽ പോസ്റ്റുമോർട്ടത്തിനും ശാസ്ത്രീയ പരിശോധനകൾക്കും ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റി. ഫൊറൻസിക്, മെഡിക്കൽ പരിശോധന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Exit mobile version