Site icon Fourteen Kerala – 14 Kerala News

പ്രാർഥനയ്ക്കിടെ വയോധികയുടെ സ്വർണമാല കവർന്നെന്ന് കേസ്; മാഹി തിരുനാളിലെ മോഷണത്തിൽ സ്ത്രീ അറസ്റ്റിൽ

മാഹി: മാഹി തിരുനാളിനെത്തിയ വയോധികയുടെ രണ്ടര പവൻ സ്വർണമാല കവർന്ന കേസിൽ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ ഉക്കടം അമ്മൻ കോവിൽ സ്വദേശിനിയും ബെംഗളൂരുവിൽ സ്ഥിരതാമസക്കാരിയുമായ ജ്യോതി എന്ന ജീവയാണ് പിടിയിലായത്.

ഉത്സവപ്പറമ്പുകളിലെ തിരക്ക് മുതലെടുത്ത് മോഷണം നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ 11ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലശ്ശേരി സ്വദേശിനിയായ കമലയുടെ സ്വർണമാലയാണ് മോഷണം പോയത്.

കുടുംബത്തോടൊപ്പം മാഹി തിരുനാളിൽ പങ്കെടുക്കാനെത്തിയ കമല, പള്ളിയുടെ തെക്കുഭാഗത്തുള്ള മേരി മാതാ കമ്മ്യൂണിറ്റി ഹാളിന് സമീപം മെഴുകുതിരി കത്തിക്കുന്നതിനിടെയാണ് മാല കവർന്നത്.
സംഭവത്തെ തുടർന്ന് കമല മാഹി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ മാഹി എസ്.പി. ധനശേഖരന്റെ നിർദേശപ്രകാരം സർക്കിൾ ഇൻസ്പെക്ടർ പി.എ. അനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടുദിവസത്തിനുള്ളിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ജ്യോതിക്കെതിരെ നേരത്തെയും നിരവധി മോഷണക്കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
മാഹി എസ്.എച്ച്.ഒ. പ്രമോദ്, സർക്കിൾ ഇൻസ്പെക്ടറുടെ ക്രൈം സ്ക്വാഡിലെ എസ്.ഐമാരായ വി. സുരേഷ്, വി. മഹേഷ്, പി. സുജേഷ്, എ.എസ്.ഐ. ശ്രീജേഷ്, ഗ്രേഡ് ഹെഡ് കോൺസ്റ്റബിൾ രോഷിത്ത് പാറമേൽ, ഹോം ഗാർഡുമാരായ ഡില്ലി, ത്രിവിൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
അറസ്റ്റിലായ പ്രതിയെ മാഹി കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി റിമാൻഡ് ചെയ്തു.

Exit mobile version