Site icon Fourteen Kerala – 14 Kerala News

കാട്ടുപോത്തിനെ വെടിവെച്ചിട്ട് മാംസം കടത്തിയ കായിക അധ്യാപകൻ ഒടുവിൽ വനം വകുപ്പിന്റെ പിടിയിൽ

കാട്ടാക്കട: നെയ്യാർഡാം നെട്ടുകാൽത്തേരി തുറന്ന ജയിലിന് സമീപമുള്ള മുക്കാട്ടുമല റബ്ബർ എസ്റ്റേറ്റിൽ കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന് ഇറച്ചി കടത്തിയ കേസിൽ ഒളിവിലായിരുന്ന കായികാധ്യാപകൻ അറസ്റ്റിൽ. വെള്ളറട വി.പി.എം. ഹയർസെക്കൻഡറി സ്‌കൂളിലെ കായിക അധ്യാപകനും വെള്ളറട ജങ്ഷൻ ദാസ് ഹൗസിൽ താമസക്കാരനുമായ ഡെനിൻ ദാസിനെയാണ് (44) പരുത്തിപ്പള്ളി റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.

ഈ കേസിൽ മറ്റ് രണ്ട് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. കേരള-തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നായാട്ട് സംഘങ്ങളിലെ മുഖ്യ കണ്ണിയാണ് കേസിലെ ഒന്നാം പ്രതിയായ ഡെനിൻ ദാസ്. കഴിഞ്ഞ സെപ്റ്റംബർ 26-ന് പുലർച്ചെയാണ് സംഘം മുക്കാട്ടുമല എസ്റ്റേറ്റിനുള്ളിൽ വെച്ച് കാട്ടുപോത്തിനെ വെടിവച്ചു വീഴ്ത്തിയത്. തുടർന്ന് മാംസം കഷണങ്ങളാക്കി വാഹനത്തിൽ കടത്തുകയായിരുന്നു.

കേരളത്തിൽ വേട്ടയാടുന്ന വന്യജീവികളുടെ മാംസം തമിഴ്‌നാട്ടിലെ ചില പ്രത്യേക റിസോർട്ടുകളിലേക്കാണ് ഇവർ കൈമാറിയിരുന്നത്. മുക്കോട്ടുമല എസ്റ്റേറ്റ് കേന്ദ്രീകരിച്ച് മാത്രം ഈ സംഘം രണ്ടുതവണ നായാട്ട് നടത്തിയിട്ടുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ട ചില തമിഴ്‌നാട് സ്വദേശികളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ടെന്നും അവരും ഉടൻ പിടിയിലാകുമെന്നും അധികൃതർ അറിയിച്ചു.

പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വി. വിപിൻചന്ദ്രൻ, ഡെപ്യൂട്ടി ആർ.എഫ്.ഒ. അനിൽകുമാർ, എസ്.എഫ്.ഒ. അനിൽ, ബി.എഫ്.ഒ.മാരായ റോയ്, റോഷ്ണി, മനു, ഡ്രൈവർ രാജേഷ് എന്നിവരടങ്ങുന്ന വനം വകുപ്പ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version