Site icon Fourteen Kerala – 14 Kerala News

ദേവിക ഇനി ഓർമ: ജപ്പാനിൽ അപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശിയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു

കണ്ണൂർ: ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ജന്മനാട്ടിലെത്തിച്ച് കുടുംബാംഗങ്ങൾക്ക് കൈമാറി. ഇന്നലെ പുലർച്ചെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച ചിതാഭസ്മം നോർക്ക റൂട്ട്സ് അധികൃതരുടെ നേതൃത്വത്തിൽ തീവണ്ടി മാർഗ്ഗമാണ് കണ്ണൂരിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറിയത്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം കുടുംബത്തിന്റെ പൂർണ്ണ സമ്മതത്തോടെ സംസ്കാര ചടങ്ങുകൾ ജപ്പാനിൽ തന്നെ നടത്തുകയായിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസി, ജപ്പാനിലെ മലയാളി സംഘടനകൾ എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

സെപ്റ്റംബർ രണ്ടിനാണ് ജപ്പാനിലെ ഗിഫു പ്രവിശ്യയിലുള്ള കകമിഗാഹാരയിൽ ദേവികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കിയ ദേവിക ആറുമാസം മുൻപാണ് സാമൂഹ്യക്ഷേമ സ്ഥാപനത്തിൽ നഴ്സിങ് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചത്. ദേവികയെ പെട്ടെന്ന് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അപകട വിവരം പുറത്തുവന്നത്.

Exit mobile version