Site icon Fourteen Kerala – 14 Kerala News

ഇന്ന് ലോക ഭക്ഷ്യദിനം

ഇന്ന് ലോക ഭക്ഷ്യദിനം. പട്ടിണിയെ കുറിച്ചും ഭക്ഷ്യ സുരക്ഷയെ കുറിച്ചും പോഷകാഹാര ലഭ്യതയെ കുറിച്ചും ബോധവത്കരണം നടത്തുക എന്നതാണ് ലോക ഭക്ഷ്യദിന ആചരണത്തിന്റെ ഉദ്ദേശ്യം. നാളെയെ പോഷിപ്പിക്കാനായി ഇന്ന് തന്നെ നവീകരിക്കാം എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.

1979ലാണ് ഐക്യരാഷ്ട്ര സഭ ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ ഒക്ടോബര്‍ 16 ലോക ഭക്ഷ്യ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. 1945 ഒക്ടോബര്‍ 16ന് രൂപീകരിച്ച ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ വാര്‍ഷികമായാണ് ആദ്യമായി ലോക ഭക്ഷ്യ ദിനം ആചരിച്ച് തുടങ്ങിയത്. മനുഷ്യരുടെ മൌലിക അവകാശമായ ഭക്ഷണം എല്ലാവര്‍ക്കും ഉറപ്പാക്കുക എന്നതാണ് ഭക്ഷ്യ ദിനത്തിന്റെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനവും സാമ്പത്തിക അസ്ഥിരതയും ഇതിന്റെ ഭാഗമായി ചര്‍ച്ചചെയ്യപ്പെടുന്നു.

ലോകത്താകമാനം 65 കോടി മനുഷ്യരെ പട്ടിണി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. അതുകൊണ്ടുതന്നെ ഭക്ഷ്യദിനത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചു വരുന്നതായാണ് ഐക്യരാഷ്ട്ര സഭ കണക്കാക്കുന്നത്. റോമിലെ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ ആസ്ഥാനത്ത് വച്ച് നടക്കുന്ന ചടങ്ങുകളോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ലോകമെമ്പാടും ഭക്ഷ്യദിനം വിഷയമാക്കി എക്‌സിബിഷനുകളും മാരത്തണുകളുമുള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കും. സഹജീവിയെ കൂടി പരിഗണിക്കുന്നതാണ് ഭക്ഷ്യദിനാഘോഷം. വിശക്കുന്നവരെ കൂടി ചേര്‍ത്തു പിടിക്കുക എന്നത് കാലത്തിന്റെ ആവശ്യമാണ്. നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ മാറ്റം വരുത്താനും, വിശക്കുന്നവര്‍ക്ക് അന്നമെത്തിക്കാനും, ഭക്ഷണം പാഴാക്കാതിരിക്കാനും ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

Exit mobile version